

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്കിട്ട കേസില്‍ പ്രതി സുരേഷ് കുമാര്‍ മദ്യപിക്കുന്നതിന്റെ നിര്‍ണായക സിസിടിവി ദൃശ്യം പുറത്ത്. സംഭവം നടന്ന കേരള എക്‌സ്പ്രസില്‍ കയറുന്നതിന് തൊട്ടുമുന്‍പ് കോട്ടയത്തെ ബാറില്‍ സുഹൃത്ത് ലാലുവിനൊപ്പം മദ്യപിക്കുന്നതിന്റെ ദൃശ്യമാണ് റെയില്‍വേ പൊലീസ് ശേഖരിച്ചത്. പെണ്‍കുട്ടിയെ ആക്രമിക്കുമ്പോള്‍ പ്രതി പൂര്‍ണമായും മദ്യലഹരിയിലായിരുന്നുവെന്നതിന്റെ തെളിവാണിത്.
കോട്ടയം നാഗമ്പടത്തുള്ള ബാറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ സുരേഷ് കുമാറും സുഹൃത്തും മദ്യപിക്കുന്നത് വ്യക്തമാണ്. ഇതിന് മുന്‍പ് ഇരുവരും അതിരമ്പുഴയിലെ ബാറില്‍ കയറിയും മദ്യപിച്ചിരുന്നു. മദ്യപിച്ച് ഫിറ്റായാണ് ഇരുവരും കേരള എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയത്. ഇതിന് ശേഷമായിരുന്നു പെണ്‍കുട്ടികളുമായി തര്‍ക്കമുണ്ടാകുന്നതും ഒരാളെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തിടുന്നതും.
അതിനിടെ പ്രതിയെ കീഴ്‌പ്പെടുത്തിയ ആളുടെ ചിത്രം റെയില്‍വേ പൊലീസ് പുറത്തുവിട്ടു. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് പൊലീസ്. തിരിച്ചറിഞ്ഞ ശേഷം മൊഴി രേഖപ്പെടുത്താനും പരിതോഷികം നല്‍കാനുമാണ് നീക്കം. ശ്രീക്കുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെ രക്ഷിച്ചതും ഇയാള്‍ തന്നെയാണെന്ന് ട്രെയിനിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. തുടര്‍ച്ചയായി സിടി സ്‌കാന്‍ എടുത്ത് പരിശോധിക്കുന്നുണ്ടെന്നും മാറ്റമൊന്നുമില്ലെന്നും പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഡോ. സി ജി ജയചന്ദ്രന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ദിവസവും റിവ്യൂ നടത്തുന്നുണ്ട്. പ്രതീക്ഷിച്ച ഉണര്‍വ് ഇല്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.40 ഓടെയായിരുന്നു സംഭവം നടന്നത്. ആലുവയില്‍ നിന്ന് ട്രെയിന്‍ കയറിയായിരുന്നു 19കാരിയായ ശ്രീക്കുട്ടി. സുഹൃത്ത് അര്‍ച്ചനയും ഉണ്ടായിരുന്നു. ട്രെയിന്‍ വര്‍ക്കല സ്‌റ്റേഷന്‍ വിട്ട് രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ ചവിട്ടി താഴെയിട്ടത്. പുകവലി ചോദ്യം ചെയ്തതായിരുന്നു പ്രതിയെ പ്രകോപിപ്പിച്ചത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളുടെ തിരിച്ചറിയല്‍ പരേഡ് അടുത്ത ദിവസങ്ങളില്‍ നടക്കും. അതിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം.
Content Highlights- cctv visuals of accused who attacked 19 years old girl in varkala out