വാതിലിനടുത്തുനിന്ന് മാറാത്തത് പ്രകോപനമെന്ന് പ്രതി; ട്രെയിനിൽ നിന്ന് തള്ളിയിട്ട് പരിക്കേറ്റ പെൺകുട്ടി ഐസിയുവിൽ

പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കും

വാതിലിനടുത്തുനിന്ന് മാറാത്തത് പ്രകോപനമെന്ന് പ്രതി; ട്രെയിനിൽ നിന്ന് തള്ളിയിട്ട് പരിക്കേറ്റ പെൺകുട്ടി ഐസിയുവിൽ
dot image

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ട്രാക്കിലേക്ക് വീണു പരിക്കേറ്റ പെൺകുട്ടി ഐസിയുവില്‍ തുടരുന്നു. തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി (19)യാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. ആന്തരികരക്തസ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് പ്രതി പെൺകുട്ടിയെ ചവിട്ടി പുറത്തേക്കിട്ടത്.

പ്രതി സുരേഷ് കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പനച്ചിമൂട് സ്വദേശി സുരേഷ് പെയിന്റ് തൊഴിലാളിയാണ്. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ട്രെയിനിന്റെ വാതിലിന്റെ അടുത്ത് നിന്നും പെൺകുട്ടികൾ മാറാത്തത് പ്രകോപിപ്പിച്ചെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടിയെ മുന്‍പരിചയമില്ലെന്നും മദ്യലഹരിയിലായിരുന്നുവെന്നും പ്രതി സമ്മതിച്ചു. സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ മുന്‍കാല പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണ്.

വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്തുവെച്ച് ഇന്നലെ രാത്രി 8.40 ന് ട്രെയിനിന്റെ ജനറല്‍ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പെൺകുട്ടികൾ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന പ്രതി പെൺകുട്ടികളിൽ ഒരാളെ ചവിട്ടിപുറത്തേക്ക് ഇടുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ചവിട്ടി തളളിയിട്ടെന്നാണ് ഒപ്പമുണ്ടായിരുന്ന ദൃക്‌സാക്ഷിയായ പെൺകുട്ടി അര്‍ച്ചന പറഞ്ഞത്. തടയാന്‍ ശ്രമിച്ച തന്നെയും കൈയ്യും കാലും പിടിച്ച് പുറത്തിടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുനിന്നതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും അര്‍ച്ചന പറയുന്നു.

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു. എതിരെ വന്ന മെമു ട്രെയിനില്‍ വര്‍ക്കല സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച പെൺകുട്ടിയെ രാത്രി വൈകി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. യുവതികള്‍ ആലുവയില്‍ നിന്നും പ്രതി കോട്ടയത്ത് നിന്നുമാണ് കയറിയത്. ഇവര്‍ തമ്മില്‍ മുന്‍പരിചയമില്ല. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു പ്രതി. കൊച്ചുവേളി സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlights: Woman injured after being pushed from train remains in ICU thiruvananthapuram

dot image
To advertise here,contact us
dot image