

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും ഇടപെട്ടതായാണ് സുധീഷ് കുമാറിന്റെ മൊഴി. ഭരണസമിതി പറഞ്ഞതുപ്രകാരമാണ് പ്രവര്‍ത്തിച്ചത്. പോറ്റിക്ക് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളി കൈമാറിയത് ഭരണസമിതി പറഞ്ഞതുപ്രകാരമാണെന്നും സുധീഷ് കുമാറിന്റെ മൊഴിയിലുണ്ട്.
ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ റിമാന്‍ഡിലാണ് സുധീഷ് കുമാര്‍. എസ്‌ഐടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സുധീഷ് കുമാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഭരണസമിതിക്കെതിരെ മൊഴി നല്‍കിയത്. മേലുദ്യോഗസ്ഥര്‍ പറഞ്ഞതിനാലാണ് ചെമ്പ് പാളികള്‍ എന്നെഴുതിയതെന്നും സുധീഷ് കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മേല്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തത്. ഓരോ ഘട്ടത്തിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറി. രേഖകള്‍ അപ്പോള്‍ തന്നെ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. അവരും ചെമ്പ് പാളികള്‍ എന്ന് എഴുതിയത് തിരുത്തുകയോ എതിര്‍ക്കുകയോ ചെയ്തില്ലെന്നും സുധീഷ് കുമാര്‍ മൊഴി നൽകിയിരുന്നു. ഇന്നലെയായിരുന്നു സുധീഷ് കുമാറിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടു. മൊഴി വിശദമായി പരിശോധിച്ച ശേഷം സുധീഷ് കുമാറിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് സുധീഷ് കുമാര്‍. നവംബര്‍ ഒന്നിനായിരുന്നു സുധീഷ് കുമാറിന്റെ അറസ്റ്റ്.
ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട കേസില്‍ സുധീഷ് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും നിലവില്‍ റിമാന്‍ഡിലാണ്. ദേവസ്വം ബോര്‍ഡ് മുന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍ കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ആര്‍ ജയശ്രീ, മുന്‍ തിരുവാഭരണ കമ്മീഷണര്‍മാരായ കെ എസ് ബൈജു, ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശരിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി പല തവണ പരിശോധന നടത്തിയിരുന്നു. രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാതില്‍പ്പാളിയിലെ സ്വര്‍ണം 2019 മാര്‍ച്ചില്‍ കടത്തിക്കൊണ്ടുപോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം 2019 ഓഗസ്റ്റില്‍ കവര്‍ന്നതായും കരുതപ്പെടുന്നു. വിശദമായ അന്വേഷണത്തിന്റെയും തെിവുകളുടെയും അടിസ്ഥാനത്തിൽ ആയിരുന്നു ആദ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയെയും പിന്നീട് മുരാരി ബാബുവിനെയും അറസ്റ്റ് ചെയ്തത്. ഇതാണ് പിന്നീട് സുധീഷ് കുമാറിലേക്ക് നീണ്ടത്.
Content Highlights- sit will investigate sudheesh kumar's statement over sabarimala gold theft case