പ്രേംകുമാർ ക്രിസ്റ്റൽ ക്ലിയറായ ഇടതുപക്ഷക്കാരൻ; കാലാവധി കഴിഞ്ഞപ്പോഴാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്: മന്ത്രി

'ചലച്ചിത്ര അക്കാദമിയിൽ പ്രേംകുമാര്‍ മൂന്ന് വര്‍ഷം വൈസ് ചെയര്‍മാനായും ഒന്നര വര്‍ഷം ചെയര്‍മാനായും സേവനം അനുഷ്ഠിച്ചു. അത് ചെറിയ കാര്യമല്ല'

പ്രേംകുമാർ ക്രിസ്റ്റൽ ക്ലിയറായ ഇടതുപക്ഷക്കാരൻ; കാലാവധി കഴിഞ്ഞപ്പോഴാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്: മന്ത്രി
dot image

തൃശൂര്‍: ചലച്ചിത്ര അക്കാദമിയില്‍ പുതിയ ഭാരവാഹികളെ നിയമിച്ച വിവരം അറിയിച്ചില്ലെന്ന മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രേംകുമാറിന്റെ പ്രതികരണത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കാലാവധി കഴിയുമ്പോള്‍ സ്വാഭാവികമായി സര്‍ക്കാരിന് പുതിയ ഭാരവാഹികളെ നിയമിക്കേണ്ട ഉത്തരവാദിത്തമുണ്ട്. അതനുസരിച്ചാണ് തീരുമാനിച്ചത്. ഉത്തരവ് പുറപ്പെടുവിച്ചു എന്നതിന് അപ്പുറത്തേയ്ക്ക് മറ്റൊന്നുമില്ല. പ്രേംകുമാറിനോട് ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ പറഞ്ഞുകാണും എന്നാണ് കരുതിയത്. താന്‍ ഇവിടെ ഉണ്ടായിരുന്നില്ല. വിദേശത്തായിരുന്നു. പ്രേംകുമാറിനോട് പറയേണ്ട ഉത്തരവാദിത്തം അക്കാദമി ഭാരവാഹികള്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

Also Read:

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നോക്കിയാല്‍ ഇത് സാധാരണ പ്രക്രിയയാണെന്നും മന്ത്രി പറഞ്ഞു. ചലച്ചിത്ര അക്കാദമിയിൽ പ്രേംകുമാര്‍ മൂന്ന് വര്‍ഷം വൈസ് ചെയര്‍മാനായും ഒന്നര വര്‍ഷം ചെയര്‍മാനായും സേവനം അനുഷ്ഠിച്ചു. അത് ചെറിയ കാര്യമല്ല. ആശാവര്‍ക്കര്‍മാരുടെ സമരത്തെക്കുറിച്ച് പ്രേംകുമാര്‍ എവിടെയാണ് അഭിപ്രായം പറഞ്ഞത് എന്ന് തനിക്കറിയില്ല. അതിന്റെ പേരിലാണെങ്കില്‍ പ്രേംകുമാറിനെ നേരത്തേ തന്നെ മാറ്റാമായിരുന്നല്ലോ?. പ്രേംകുമാര്‍ ക്രിസ്റ്റല്‍ ക്ലിയറായ ഇടതുപക്ഷക്കാരവാണ്. ചലച്ചിത്ര അക്കാദമിക്ക് നല്‍കിയത് മികച്ച സേവനമാണെന്നും സര്‍ക്കാര്‍ അദ്ദേഹത്തെ നല്ല രീതിയില്‍ പരിഗണിച്ചെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രേംകുമാറിനോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും പരിഭവമുള്ളതായി തോന്നിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചലച്ചിത്ര മേളയുടെ നടത്തിപ്പ് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ചേര്‍ന്നാണ് മേള നടത്തിയത്. ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഒരു കല്ലുകടിയും ഇല്ലാതെ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര അക്കാദമിയില്‍ പുനഃസംഘടന വരുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞു എന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. പുതിയ ഭാരവാഹികളെ നിയമിച്ചത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും തീരുമാനമാണ്. അതിന് അപ്പുറത്തേയ്ക്ക് ഒന്നുമില്ല. ഏല്‍പ്പിച്ച കാര്യങ്ങള്‍ കൃത്യമായി ചെയ്തിട്ടുണ്ട്. അഭിപ്രായപ്രകടനങ്ങളുടെ പേരിലാണ് മാറ്റമെന്ന് കരുതുന്നില്ല. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നുവെന്നും പ്രേംകുമാര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights- Premkumar become a crital clear leftist says minister saji cheriyan

dot image
To advertise here,contact us
dot image