

പാലക്കാട്: വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ പ്രതികരണവുമായി ട്രെയിന്‍ യാത്രക്കിടെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി റിപ്പോര്‍ട്ടറിനോട്. സൗമ്യ നേരിട്ടത് പോലെ അല്ലെങ്കിലും ക്രൂര കൃത്യമാണ് നടന്നതെന്ന് സുമതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ട്രെയിനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷയില്ലെന്നും സുമതി പറഞ്ഞു.
'ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലും ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലും സുരക്ഷയില്ല. സൗമ്യ കൊല്ലപ്പെട്ടപ്പോള്‍ കുറച്ച് ദിവസത്തേക്ക് പ്രഹസനമെന്ന രീതിയില്‍ കമ്പാര്‍ട്ടുമെന്റുകളില്‍ പരിശോധനകള്‍ നടന്നു. 15 വര്‍ഷമായി സൗമ്യക്ക് സംഭവിച്ചത് വേറെ ആര്‍ക്കും സംഭവിക്കരുത് എന്നുള്ള ആവശ്യം ഉന്നയിക്കുന്നു. പക്ഷേ ആരും ട്രെയിനുകളില്‍ സുരക്ഷ ഒരുക്കുന്നില്ല. ഇനിയെങ്കിലും അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഇനി ആര്‍ക്കും ഈ ഗതി ഉണ്ടാകരുത്', സുമതി പറഞ്ഞു.
ഇന്നലെ രാത്രി കേരള എക്സ്പ്രസില്‍ യാത്ര ചെയ്യവെയാണ് മദ്യപിച്ചെത്തിയ സുരേഷ് കുമാര്‍ 19കാരിയായ ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടത്. വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്തുവെച്ച് രാത്രി 8.40ന് ജനറല്‍ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. രണ്ട് പെണ്‍കുട്ടികള്‍ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന പ്രതി ശ്രീക്കുട്ടിയെ ചവിട്ടിപുറത്തേക്ക് ഇടുകയായിരുന്നു. കൂടെയുള്ള പെണ്‍കുട്ടിയെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. റെയില്‍വേ പൊലീസാണ് സുരേഷ് കുമാറിനെതിരെ കേസെടുത്തത്. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുന്നതായിരിക്കും. പെണ്‍കുട്ടിയെ ദേഷ്യത്തില്‍ ചവിട്ടിയതാണെന്ന പ്രതിയുടെ മൊഴി റിപ്പോര്‍ട്ടറിന് ലഭിച്ചു. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാന്‍ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി മാറിയില്ലെന്നും പ്രതി മൊഴി നല്‍കി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെണ്‍കുട്ടികളെ മുന്‍പരിചയമില്ലെന്നും സുരേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു. അതിക്രമത്തിന് ഇരയായ ശ്രീക്കുട്ടി ഐസിയുവില്‍ തുടരുകയാണ്.
Content Highlights: Soumya mother responds in Varkala Train attack