ഇതാ, വനിതാ ക്രിക്കറ്റിലെ രോഹിത്തും കോഹ്ലിയും! ഐക്കോണിക് പോസ് പുനഃരാവിഷ്‌കരിച്ച് ഹർമനും മന്ദാനയും

ലോകകപ്പ് നേട്ടത്തിന് പിന്നാലെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും സ്മൃതി മന്ദാനയുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

ഇതാ, വനിതാ ക്രിക്കറ്റിലെ രോഹിത്തും കോഹ്ലിയും! ഐക്കോണിക് പോസ് പുനഃരാവിഷ്‌കരിച്ച് ഹർമനും മന്ദാനയും
dot image

ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പില്‍ ആദ്യ കിരീടമെന്ന ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. നവി മുംബൈയില്‍ ഞായറാഴ്ച നടന്ന ആവേശകരമായ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു തകര്‍ത്താണ് ഹര്‍മന്‍പ്രീത് കൗറിന്റെ പെണ്‍പട വിശ്വ വിശ്വവിജയികളായത്. ഇത്തവണ സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്തി ഫൈനലിലെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കൻ വെല്ലുവിളി അതിജീവിച്ചാണ് ചരിത്ര നേട്ടത്തിലെത്തിയത്.

ഇപ്പോഴിതാ ലോകകപ്പ് നേട്ടത്തിന് പിന്നാലെ വനിതാ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കപ്പുയർ‌ത്തിയതിന് പിന്നാലെ പരസ്പരം കെട്ടിപ്പിടിച്ച് കണ്ണീരണിഞ്ഞ മന്ദാനയും ഹർമൻപ്രീതും മറ്റൊരു ചരിത്രനിമിഷം ​ഗ്രൗണ്ടിൽ പുനഃരാവിഷ്കരിക്കുകയായിരുന്നു. ദേശീയ പതാക ചേർത്തുപിടിച്ച് ടി20 ലോകകപ്പുമായി നിൽക്കുന്ന ഇന്ത്യയുടെ സൂപ്പർ താര​ങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും ഐക്കോണിക് പോസാണ് ഹർമനും മന്ദാനയും റീക്രിയേറ്റ് ചെയ്തത്.

കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ പുരുഷടീമിനെ വീഴ്ത്തിയാണ് രോഹിത് ശർമയും സംഘവും കിരീടത്തിൽ മുത്തമിട്ടത്. ബാർബഡോസിൽ നടന്ന കലാശപ്പോരിൽ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ മുട്ടുകുത്തിച്ചത്. ചരിത്രനിമിഷത്തിന് ശേഷം ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ദേശീയപതാക പുതച്ച് ലോകകപ്പും കൈയിലേന്തി ചിത്രങ്ങൾക്ക് പോസ് ചെയ്തിരുന്നു.

Content Highlights: Harmanpreet Kaur, Smriti Mandhana Recreate Virat Kohli–Rohit Sharma’s Iconic Photo After India Win Historic ICC Women’s World Cup 2025 Title

dot image
To advertise here,contact us
dot image