

മലപ്പുറം: വേങ്ങര കണ്ണമംഗലത്തെ ഇന്ത്യന്‍ മോഡേണ്‍ ഫുഡ് ഫാക്ടറിയിലെ തീപിടിത്തത്തിൽ നിർണായക കണ്ടെത്തല്‍. ഫാക്ടറിക്ക് മനഃപൂർവം തീയിട്ടതാണെന്നാണ് കണ്ടെത്തൽ. കണ്ണമംഗലം സ്വദേശി തന്നെയാണ് തീവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. പ്രതി വാതില്‍ തകര്‍ത്ത് അകത്ത് കയറുന്നതും ഓഫീസ് സാമഗ്രികള്‍ തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
തമിഴ് ബന്ധമുള്ള ദേവരാജാണ് പ്രതിയെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. ഇയാളുടെ ദൃശ്യം സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. വേങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേവരാജ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുന്നതും കസേരയില്‍ കയറി ഇരിക്കുന്നതും സിസിടിവിയില്‍ കാണാം. പിന്നാലെ സിപിയുവുകളും മോണിറ്ററുകളും തള്ളിയിടുകയും സോഫയും കസേരയും അലമാരയും മറ്റും ചവിട്ടുന്നതും കാണാം.
വെള്ളിയാഴ്ച രാത്രിയാണ് കണ്ണമംഗലത്തെ ഇന്ത്യന്‍ മോഡേണ്‍ ഫുഡ് ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. നാല് യുവസംരംഭകര്‍ ചേര്‍ന്ന് ആരംഭിച്ച ഫുഡ് ഫാക്റ്ററി ഈ മാസം 20ന് ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു സംഭവം. കമ്പ്യൂട്ടറുകളും ഓഫീസ് സാമഗ്രികളുമടക്കം 15 ലക്ഷം രൂപയുടെ വസ്തുക്കള്‍ കത്തിനശിച്ചതായാണ് സംരഭകര്‍ പറയുന്നത്.
'വൈകിട്ട് 6.15 ഓടെ ഇയാള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി. ഒരു മണിക്കൂറോളം അതിനുള്ളിലെ എല്ലാ സാധനങ്ങളും നാശമാക്കി തീയിട്ടു. ആദ്യ ഘട്ടത്തില്‍ തീപിടിത്തമാണെന്നാണ് വിചാരിച്ചത്. എന്നാല്‍ സിസിടിവി കത്തിയത് കണ്ടപ്പോഴാണ് കത്തിച്ചതാണെന്ന് മനസിലായത്. 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ട്. ഫാക്ടറി മൊത്തത്തില്‍ നശിച്ചു', സംരഭകര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
Content Highlights: Fire at food factory in Vengara; Found to have been started intentionally