കൊച്ചി മേയർ സ്ഥാനം വനിതയ്ക്ക് നൽകാൻ കോൺഗ്രസ്;ദീപ്തി മേരി വര്‍ഗീസ്, മിനിമോള്‍,മാലിനി കുറുപ്പ് എന്നിവർ പരിഗണനയിൽ

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ വിജയസാധ്യത മാത്രം കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്

കൊച്ചി മേയർ സ്ഥാനം വനിതയ്ക്ക് നൽകാൻ കോൺഗ്രസ്;ദീപ്തി മേരി വര്‍ഗീസ്, മിനിമോള്‍,മാലിനി കുറുപ്പ് എന്നിവർ പരിഗണനയിൽ
dot image

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അണിയറനീക്കം ശക്തം. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ വിജയസാധ്യത മാത്രം കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്.

മേയര്‍ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കും. പരിചയസമ്പന്നരായ വനിതകള്‍ മത്സരത്തിനുണ്ടാകുമെന്നാണ് വിവരം. ദീപ്തി മേരി വര്‍ഗീസ്, അഡ്വ. മിനി മോള്‍, മാലിനി കുറുപ്പ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. വോട്ടര്‍ പട്ടികയില്‍ പുതുതായി ചേര്‍ത്ത 31,000 വോട്ടുകളില്‍ 21,000വും കോണ്‍ഗ്രസ് വോട്ടുകളെന്നാണ് കണക്കുകൂട്ടല്‍.

മുൻപ് 74 ഡിവിഷനുകളായിരുന്നു കൊച്ചി കോർപ്പറേഷന്. പള്ളുരുത്തി ഈസ്റ്റും മുണ്ടംവേലി ഈസ്റ്റും പുതുതായി ചേര്‍ത്തതോടെ ഇത്തവണ 76 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ്. തുരുത്തി ഫ്‌ളാറ്റും പുതുക്കിപ്പണിത മാര്‍ക്കറ്റും അടക്കം വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി വോട്ട് തേടാനാണ് എല്‍ഡിഎഫ് നീക്കം. എന്നാല്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഒരു കാലത്ത് തങ്ങളുടെ കോട്ടയായിരുന്ന കോര്‍പ്പറേഷന്‍ പിടിക്കാനാണ് യുഡിഎഫ് ശ്രമം.

മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാനുള്ള ജാഗ്രതയോടെയുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൊച്ചി കോര്‍പ്പറേഷനിലെ തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ നടക്കുന്നതെങ്കില്‍ തിരുവനന്തപുരത്ത് കെ മുരളീധരന്റെയും കോഴിക്കോട് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ നടത്തും.

Content Highlights: Congress considering women as mayor candidate at kochi corporation

dot image
To advertise here,contact us
dot image