പിഎം ശ്രീയില്‍ ഒപ്പിട്ടശേഷം ഉപസമിതി രൂപീകരിക്കുന്നത് എന്തിന്?;സിപിഐയെ മുഖ്യമന്ത്രി പറ്റിച്ചു; വിഡി സതീശൻ

എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടായതെന്ന് പറയണമെന്നും വിഡി സതീശൻ പറഞ്ഞു

പിഎം ശ്രീയില്‍ ഒപ്പിട്ടശേഷം ഉപസമിതി രൂപീകരിക്കുന്നത് എന്തിന്?;സിപിഐയെ മുഖ്യമന്ത്രി പറ്റിച്ചു; വിഡി സതീശൻ
dot image

തിരുവനന്തപുരം: പിഎം ശ്രീയിൽ ആരും അറിയാതെ പോയി ഒപ്പുവെച്ചതിനുശേഷം ആണോ മന്ത്രിസഭ ഉപസമിതി രൂപീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് സിപിഐയെ പറ്റിക്കാനാണ്. ഇതിൽനിന്ന് മാറും എന്ന് പറയാൻ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണെന്നും വിഡി സതീശൻ ചോദിച്ചു. എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടായതെന്ന് പറയണമെന്നും വിഡി സതീശൻ പറഞ്ഞു.

സർക്കാർ നടത്തിയ ക്ഷേമ പ്രഖ്യാപനങ്ങളിലും വിഡി സതീശൻ പ്രതികരിച്ചു. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് കൊടുത്താലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ എൽഡിഎഫ് അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെൻഷൻ 2500 രൂപ കൊടുക്കും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. യഥാർത്ഥത്തിൽ 900 രൂപ നഷ്ടമാണ്. അങ്ങനെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ പറ്റില്ലയെന്നും വിഡി സതീശൻ വ്യക്തമാക്കി.

ആശാവർക്കർമാരുടെ സമരത്തെ പരിഹസിച്ച സർക്കാരാണ് 33 രൂപ കൂടുതൽ കൊടുത്തിരിക്കുന്നത്.

ആശാവർക്കർമാരുടെ ഓണറേറിയം ഗൗരവകരമായി വർദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും വിഡി സതീശൻ പറഞ്ഞു.ക്ഷേമനിധികൾ ഇതുപോലെ മുടങ്ങിയ കാലമില്ല. ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും എല്ലാം ഈ സർക്കാർ കൊടുക്കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ്. നായനാർ സർക്കാരാണ് പെൻഷൻ കൊടുത്ത് തുടങ്ങിയതെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് എൽഡിഎഫ് ഗവൺമെൻ്റ്.തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വർധനയാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും വിഡി സതീശൻ പ്രതികരിച്ചു.

നാലരകൊല്ലം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു സർക്കാർ.18 മാസത്തെ കുടിശ്ശിക ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തുണ്ടായിരുന്നു എന്നത് സിപിഐഎം ക്യാപ്സ്യൂൾ ആണെന്നും അത് തെളിയിക്കാൻ മുഖ്യമന്ത്രിയെയും ധനകാര്യമന്ത്രിയെയും വെല്ലുവിളിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.വോട്ടർ പട്ടിക കളങ്കിതമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിക്കാറില്ലയെന്നും

കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് അങ്ങനെയാണെന്നും അത് പുതിയ വാർത്തയല്ലയെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം സീറ്റുമായി 2026ൽ യുഡിഎഫ് തിരിച്ചു വരുമെന്നും അതിന് നേതൃത്വം കൊടുക്കുന്നത് കോൺഗ്രസാണ്. കോൺഗ്രസിൽ കുഴപ്പമുണ്ടെന്ന് സിപിഐഎം പറയുന്നതാണെന്നും ഇപ്പോൾ കുഴപ്പമുള്ളത് എൽഡിഎഫിലാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight : Why is the sub-committee being formed after signing the PM Shri? The Chief Minister has deceived the CPI; VD Satheesan

dot image
To advertise here,contact us
dot image