

കൊച്ചി: ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരന്തരം വ്യാജ വാര്‍ത്തകള്‍ ചമച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍ ടിവി. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു.
രാജീവ് ചന്ദ്രശേഖറിന് പുറമേ സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, പി ജി സുരേഷ് കുമാര്‍, അബ്ജോദ് വര്‍ഗീസ്, അനൂപ് ബാലചന്ദ്രന്‍, ജോഷി കുര്യന്‍, അഖില നന്ദകുമാര്‍, ജെവിന്‍ ടുട്ടു, അശ്വിന്‍ വല്ലത്ത്, റോബിന്‍ മാത്യു എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
റിപ്പോര്‍ട്ടര്‍ നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങളെ കോടതി വിലക്കിയിട്ടുണ്ട്. ബെംഗളുരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ കോടതിയുടേതാണ് നടപടി. റിപ്പോര്‍ട്ടറിനെതിരെ വ്യാജവാര്‍ത്ത നല്‍കരുതെന്ന് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ക്ക് കോടതി ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി. റിപ്പോര്‍ട്ടറിന്റെ വിശ്വാസ്യത തകര്‍ക്കും വിധം വ്യാജ വാര്‍ത്തകള്‍ നല്‍കരുതെന്ന് കോടതി നിര്‍ദേശിച്ചു. വ്യാജ വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ നിന്ന് വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ഗൂഗിളിനും മെറ്റയ്ക്കും കോടതി നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ളവര്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിരന്തരം വ്യാജ വാര്‍ത്ത നല്‍കിയത്. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അടക്കമുള്ളവര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടും വ്യാജ വാര്‍ത്ത നല്‍കുന്നത് ഏഷ്യാനെറ്റ് അടക്കമുള്ളവര്‍ തുടര്‍ന്നു. കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടും വ്യാജവാര്‍ത്തകള്‍ ചമച്ചതോടെ റിപ്പോര്‍ട്ടര്‍ ടിവി നിയമ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു.
Content Highlights- Reporter TV filed defamation case against rajeev chandrasekhar and asianet news team over fake news