

വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം ഫൈനലിസ്റ്റുകളാരാണെന്ന് ഇന്നറിയാം. രണ്ടാം സെമിഫൈനലിൽ ഇന്ന് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. കന്നി ലോകകിരീടമെന്ന മോഹവുമായി വിമൻ ഇൻ ബ്ലൂ ഇറങ്ങുമ്പോൾ നിലവിലെ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളുമായ ഓസീസാണ് എതിരാളികൾ. വൈകിട്ട് മൂന്ന് മണി മുതൽ നവി മുംബൈയിലാണ് മത്സരം.
ദക്ഷിണാഫ്രിക്കൻ വനിതകളാണ് ഫൈനലിൽ നേരത്തെ എത്തിയത്. ഇന്നലെ നടന്ന ഒന്നാം സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്ക ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 125 റണ്‍സ് വിജയം സ്വന്തമാക്കിയാണ് ദക്ഷിണാഫ്രിക്കൻ വനിതകൾ ഫൈനലിന് യോഗ്യത നേടിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികളെ ഇന്നറിയാം.
അതേസമയം അപരാജിതരായി ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയ ഓസീസ് ഇന്ത്യയ്ക്ക് മുന്നിൽ വലിയ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. പ്രാഥമിക റൗണ്ടില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഏറ്റവും മികച്ച കളി പുറത്തെുക്കാനായാല്‍ മാത്രമേ ടൂര്‍ണമെന്റിലെ പവര്‍ഹൗസുകളായ കങ്കാരുപ്പടയെ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുകയുള്ളൂ.
ലീഗ് റൗണ്ടിൽ അപരാജിതരായി 13 പോയന്റോടെ ഒന്നാംസ്ഥാനം നേടി സെമിയിലെത്തിയവരാണ് ഓസ്ട്രേലിയ. ഇന്ത്യയാണെങ്കില് ഏഴ് കളികളിൽ ഏഴ് പോയന്റ് മാത്രം നേടി നാലാംസ്ഥാനക്കാരായി കടന്നുകൂടുകയായിരുന്നു. ഏഴ് തവണ ഏകദിന ലോക ചാമ്പ്യന്മാരായവരാണ് ഓസ്ട്രേലിയ.
Content Highlights: ICC Women’s Cricket World Cup 2025; India vs Australia semi-final match Today