എലപ്പുള്ളി പഞ്ചായത്തിൽ സിപിഐഎം പ്രതിഷേധം; നീക്കം ബ്രൂവറിക്കെതിരായ ബോര്‍ഡ് മീറ്റിങ് ആരംഭിക്കാനിരിക്കെ

ലൈഫ് മിഷന്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട പഞ്ചായത്തിലെ വീഴ്ചക്കെതിരെയാണ് ഉപരോധമെന്ന് സിപിഐഎം

എലപ്പുള്ളി പഞ്ചായത്തിൽ സിപിഐഎം പ്രതിഷേധം; നീക്കം ബ്രൂവറിക്കെതിരായ ബോര്‍ഡ് മീറ്റിങ് ആരംഭിക്കാനിരിക്കെ
dot image

പാലക്കാട്: എലപ്പുള്ളി പഞ്ചായത്തില്‍ കനത്ത സംഘര്‍ഷം. ബ്രൂവറിക്കെതിരായ ബോര്‍ഡ് മീറ്റിങ് ആരംഭിക്കാനിരിക്കെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഉപരോധിച്ചു. ലൈഫ് മിഷന്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് ഉപരോധമെന്ന് സിപിഐഎം പറയുന്നു. പഞ്ചായത്തിനകത്തേക്ക് ആരെയും കയറ്റി വിടില്ലെന്നും സിപിഐഎം പ്രവര്‍ത്തകര്‍ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ ജീവനക്കാര്‍ പുറത്ത് നിൽക്കുകയാണ്.

ബ്രൂവറിക്കെതിരായ ബോര്‍ഡ് യോഗം അട്ടിമറിക്കാനാണ് സിപിഐഎം ശ്രമമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം സജ്ജമാണ്.

റോഡ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തുണ്ട്. പഞ്ചായത്ത് ബോർഡ് യോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രസിഡന്റ് രേവതി ബാബുവിനെ സിപിഐഎം പ്രവർത്തകർ ഉള്ളിലേക്ക് കടത്തിവിടുന്നില്ല. ഇതേ തുടർന്നാണ് രേവതി ബാബുവിന്റെ നേതൃത്വത്തിൽ റോഡ് ഉരോധിച്ചത്. പാലക്കാട് പൊള്ളാച്ചി പാതയാണ് ഉപരോധിച്ചിട്ടുള്ളത്. വാഹനങ്ങളുടെ നീണ്ട നിരയാണ് ഉപരോധത്തെത്തുടർന്ന് പ്രദേശത്ത് നിർത്തിയിട്ടിരിക്കുന്നത്.

'അവരുടെ വീട്ടിലേക്കല്ല ഞങ്ങൾ പോകുന്നത്. സമരമൊക്കെ പത്തുമണിവരെ മതി. ഇന്ന് ബോർഡ് മീറ്റിങ് ഉണ്ട്. ഉദ്യോഗസ്ഥർ കാത്തുനിൽക്കുകയാണ്. മീറ്റിങിന് പോകേണ്ടന്ന് പറയാനവർക്ക് അവകാശമില്ല, ഞങ്ങൾ പോകും. പൊലീസ് ഞങ്ങളെയല്ല, സമരക്കാരെയാണ് തള്ളി മാറ്റേണ്ടത്', രേവതി ബാബു റിപ്പോർട്ടറിനോട് പറഞ്ഞു.

എലപ്പുള്ളിയില്‍ ബ്രൂവറി നിർമാണവുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. പ്രതിപക്ഷമുൾപ്പടെ വിഷയത്തിൽ വ്യാപക പ്രതിഷേധമുയർത്തി. പ്ലാന്റിനെതിരെ എൽഡിഎഫിലെ ഘടകകക്ഷികളും വിമർശനം ഉന്നയിച്ചിരുന്നു. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് നിരക്കാത്ത പദ്ധതികള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയ്യാറാകണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം ആവശ്യപ്പെട്ടിരുന്നു.

Content Highlights:

dot image
To advertise here,contact us
dot image