'വിടുതൽ ചെയ്താൽ പ്രശ്നമുണ്ടോ?'; ടി പി കേസ് പ്രതികൾക്കായി സർക്കാരിന്റെ അസാധാരണ നീക്കം; ജയിലുകളിലേക്ക് കത്തയച്ചു

കത്തിൽ പരോൾ എന്നോ വിട്ടയയ്ക്കൽ എന്നോ പറയാതെ ‘വിടുതൽ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്

'വിടുതൽ ചെയ്താൽ പ്രശ്നമുണ്ടോ?'; ടി പി കേസ് പ്രതികൾക്കായി സർക്കാരിന്റെ അസാധാരണ നീക്കം; ജയിലുകളിലേക്ക് കത്തയച്ചു
dot image

തിരുവനന്തപുരം: ടി പി കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി സർക്കാർ. ടിപി കേസ് പ്രതികളെ വിടുതൽ ചെയ്താൽ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോ എന്ന് ചോദിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് ജയിൽ മേധാവി കത്തയച്ചു. കത്തിൽ പരോൾ എന്നോ വിട്ടയയ്ക്കൽ എന്നോ വ്യക്തമാക്കാതെ ‘വിടുതൽ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ ജയിൽ സൂപ്രണ്ടിനുമാണ് കത്തയച്ചിട്ടുള്ളത്.

ടിപി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർ എന്നും പരാമർശിച്ചിട്ടുണ്ട്. പ്രതികൾ നിലവിൽ കഴിയുന്ന സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് മാത്രം കത്തയയ്ക്കാതെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചതും വിചിത്രമാണ്.

ടിപി വധക്കേസിലെ പ്രതികളെ 20വര്‍ഷത്തേക്ക് വിട്ടയക്കരുതെന്നാണ് കോടതി ഉത്തരവ്. ഇതു നിലനിൽക്കെയാണ് ഇത്തരമൊരു അസാധാരണ നടപടിയെന്നതും ശ്രദ്ധേയമാണ്. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിലും മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലുമാണുള്ളത്.

അതേസമയം, കത്തയച്ചതിൽ നിഗൂഢതയുണ്ടെന്ന് കെ കെ രമ എംഎൽഎ റിപ്പോർട്ടറിനോട് പ്രതികരിച്ചു. സൂപ്രണ്ടുമാർക്ക് കത്തയച്ച് കൊണ്ട് നടപടി സ്വീകരിക്കാനാവില്ല. കോടതി നടപടിക്ക് മേൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും എംഎൽഎ പറഞ്ഞു. പ്രതികൾക്കൊപ്പമാണ് സർക്കാർ. അവർക്കൊപ്പം ഉണ്ടന്ന സന്ദേശം നൽകാനാണ് സർക്കാർ ശ്രമമെന്നും കെ കെ രമ ആരോപിച്ചു.

Content Highlights: govt letter to jail superintendents for release of TP Chandrasekharan convicts

dot image
To advertise here,contact us
dot image