

പാലക്കാട്: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കൊപ്പം പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ വേദിപങ്കിട്ടെതിനെതിരെ പാർട്ടി ജില്ലാ നേതൃത്വം. രാഹുലുമായി നഗരസഭാ അധ്യക്ഷ വേദി പങ്കിടാൻ പാടില്ലായിരുന്നു. വേദി പങ്കിടരുതെന്നാണ് പാർട്ടി നിലപാടെന്നും ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു.
നഗരസഭ അധ്യക്ഷൻ ചെയ്തത് അരുതാത്ത കാര്യമാണ്. രാഹുലിനൊപ്പം അവർ പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. പ്രമീള ശശിധരന് തെറ്റുപറ്റി. അവർ ചെയ്തത് പാർട്ടി വിരുദ്ധ നിലപാടാണ്. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധവുമായി ബിജെപി മുന്നോട്ടുപോകും. അതിന്റെ ഭാഗമായി ഇപ്പോഴും പ്രതിഷേധം നടക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ബിജെപിയുടെ ഒരു പ്രവർത്തകരും വേദി പങ്കിടരുതെന്നും അദ്ദേഹവുമായി സഹകരിക്കരുത് എന്നുമാണ് പാർട്ടി നിലപാട്. അതിൽനിന്നും ഒരിഞ്ച് പോലും പാർട്ടി പിന്നോട്ടു പോയിട്ടില്ല. രാഹുൽ രാജിവെക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
ഇന്നലെയാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ രാഹുല്‍ മാങ്കുട്ടത്തില്‍നൊപ്പം വേദി പങ്കിട്ടത്. നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡ് ഉദ്ഘാടനത്തിലാണ് പ്രമീള ശശിധരന്‍ രാഹുല്‍ മാങ്കുട്ടത്തിലിന് ഒപ്പം വേദി പങ്കിട്ടത്. രാഹുലിനെ പൊതു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന ബിജെപി നിലപാടിന് വിരുദ്ധമായായിരുന്നു ഈ നീക്കം.
ലൈംഗികാരോപണത്തിന് പിന്നാലെ മാറി നിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപകാലത്ത് വീണ്ടും മണ്ഡലത്തില്‍ സജീവമാകുകയാണ്. നേരത്തെ കെഎസ്ആര്‍ടിസി ബസിന്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എംഎല്‍എ പങ്കെടുത്തിരുന്നു. എന്നാല്‍ ഇവിടെയെല്ലാം തടയുമെന്ന നിലപാടിലായിരുന്നു സിപിഐഎമ്മും ബിജെപിയും.
സംഭവത്തിൽ ബിജെപിയില്‍ അമര്‍ഷം പുകയുകയാണ്. ബിജെപി സംസ്ഥാന കമ്മിറ്റി പ്രമീള ശശിധരനോട് വിശദീകരണം ചോദിക്കും. പ്രമീള ശശിധരന് എതിരെ നടപടി വേണമെന്നാണ് നേതാക്കളുടെ ആവശ്യം. പ്രമീള ശശിധരന്റെ പ്രവര്‍ത്തി സ്ത്രീ വിരുദ്ധതയെന്ന് നേതാക്കള്‍ വിമർശിച്ചു. പ്രമീള പാര്‍ട്ടിക്ക് നാണക്കേടാണെന്നും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. രാഹുലിനെതിരായ പരാതി കോണ്‍ഗ്രസിനെതിരായ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള നീക്കത്തിന് ഈ സംഭവം തിരിച്ചടിയാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്. തുടര്‍ പ്രതിഷേധങ്ങള്‍ക്ക് തിരിച്ചടിയായെന്നുള്ള അഭിപ്രായവും നേതാക്കള്‍ക്കുണ്ട്.
Content Highlights: BJP district leadership is against the Palakkad Municipality Chairperson sharing the stage with Rahul Mamkootathil