പിഎം ശ്രീ: ഇടതുമുന്നണി പോകേണ്ട വഴി ഇതല്ല, പോംവഴി ഉണ്ടാക്കും: ബിനോയ് വിശ്വം

കൂടിയാലോചനകളില്ലാതെ പിഎം ശ്രീയില്‍ ഒപ്പുവെച്ചതില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്

പിഎം ശ്രീ: ഇടതുമുന്നണി പോകേണ്ട വഴി ഇതല്ല, പോംവഴി ഉണ്ടാക്കും: ബിനോയ് വിശ്വം
dot image

തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ പരസ്യമായി തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം ആവര്‍ത്തിച്ചുറപ്പിച്ച് പറഞ്ഞു. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന കമ്മിറ്റി അടിയന്തര യോഗത്തിന് ശേഷം പ്രതികരിക്കാമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

വ്യക്തമായി പറഞ്ഞു കഴിഞ്ഞു. ഇടതുമുന്നണി പോകേണ്ട വഴി ഇതല്ല. പോംവഴി ഉണ്ടാക്കും

ബിനോയ് വിശ്വം

ഈ നിലയില്‍ മുന്നണിയില്‍ തുടരാന്‍ കഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് സംസ്ഥാന കമ്മിറ്റി കൂടുന്നുണ്ടെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.

കൂടിയാലോചനകളില്ലാതെ പിഎം ശ്രീയില്‍ ഒപ്പുവെച്ചതില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി മര്യാദയുടെ ലംഘനമാണ് നടപടിയെന്നാണ് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. തങ്ങളുടെ എതിര്‍പ്പിനെ മുഖവിലക്കെടുക്കാതെ വിവാദ പദ്ധതിയില്‍ ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വിലയിരുത്തല്‍.

ഇന്ന് 12.30 നാണ് നിര്‍ണ്ണായക സിപിഐ കമ്മിറ്റി ചേരുന്നത്. കടുത്ത നിലപാടിലേക്ക് സിപിഐ പോകുമോയെന്ന് വൈകാതെ അറിയാം. സിപിഐയുടെയും സിപിഐഎമ്മിന്റെയും നയത്തിന് വിരുദ്ധമാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചതെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പ്രകാശ് ബാബു പ്രതികരിച്ചിരുന്നു. നയപരമായ കാര്യത്തില്‍ ഗവണ്‍മെന്റ് സെക്രട്ടറി ഒപ്പിടാന്‍ പാടില്ലാത്തതാണ്. അത് എങ്ങനെ സംഭവിച്ചു വെന്നത് യോഗം ചര്‍ച്ച ചെയ്യും. സിപിഐയും സിപിഐഎമ്മും എന്‍ഇപിയില്‍ നിലപാട് എടുത്തിട്ടുള്ളതാണ്. രണ്ട് പാര്‍ട്ടികളും പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഈ നയം വ്യക്തമാക്കിയിട്ടുള്ളതാണ്. നയത്തെ എതിര്‍ക്കുന്ന രണ്ട് പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരില്‍നിന്നുള്ള ഒരു ഗവണ്‍മെന്റ് സെക്രട്ടറി മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചെങ്കില്‍ അതില്‍ ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിപിഐയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് കഴിഞ്ഞ ദിവസം പിഎം ശ്രീയില്‍ വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവെച്ചത്. ഇതോടെ പിഎം ശ്രീയുടെ ഭാഗമാകുന്ന 34ാമത്തെ സര്‍ക്കാരായി കേരളം മാറി. തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടന്‍ സംസ്ഥാനത്തിന് കൈമാറും.

Content Highlights: PM Shri This is not the way the Left Front should go Said Binoy viswam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us