

തൂക്കുപാലം: കരുണാപുരം പഞ്ചായത്തില്‍ യുഡിഎഫില്‍ നിന്ന് കൂറ് മാറി എല്‍ഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് ആയ ശോഭനാമ്മ ഗോപിനാഥനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് ശോഭനാമ്മയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയത്. നിയമപ്രകാരം ഇനി ആറു വര്‍ഷത്തേക്ക് ശോഭനാമ്മയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. എന്നാല്‍, വിധി വരും മുമ്പേ കരുണാപുരം പഞ്ചായത്ത് സെക്രട്ടറിക്ക് അവര്‍ രാജി നല്‍കുകയായിരുന്നു.
2024-ല്‍ യുഡിഎഫ് ഭരണസമിതിയ്ക്ക് എതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസ് അംഗമായ ശോഭനാമ്മയുടെ പിന്തുണയോടെയാണ് പാസായത്. തുടര്‍ന്ന് പതിനഞ്ച് മാസം ഇവര്‍ എല്‍ഡിഎഫ് പിന്തുണയോടെ കരുണാപുരം പഞ്ചായത്ത് പ്രസിഡന്റായി. എന്നാല്‍ ഇതിന് പിന്നാലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ് ശോഭനാമ്മ കൂറുമാറി എന്ന് കാണിച്ച് പരാതി നല്‍കി. ഈ പരാതിയിന്‍മേലാണ് ഇപ്പോള്‍ വിധി വിന്നിരിക്കുന്നത്.
ശോഭനാമ്മയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയതില്‍ ജനാധിപത്യത്തിനെതിരെ നിലകൊണ്ടതിന്റെ ഫലമാണ് വിധിയെന്നാണ് യുഡിഎഫ് നേതാക്കള്‍ പറഞ്ഞത്. അതേസമയം വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ് തടസ്സം നിന്നപ്പോള്‍ ജനങ്ങളോടുള്ള പ്രതിബദ്ധത കാരണമാണ് മുന്നണിമാറിയതെന്നാണ് കൂറുമാറ്റത്തില്‍ ശോഭനാമ്മയുടെ പ്രതികരണം.
Content Highlights:EC disqualified Shobhanamma Gopinathan,panchayat president of Karunapuram panchayat under anti-defection law