

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗറാണി ദേവപ്രിയക്ക് വീടൊരുക്കാന്‍ സിപിഐഎം. ഇടുക്കി ജില്ലാ കമ്മിറ്റി ദേവപ്രിയക്ക് വീടൊരുക്കി നല്‍കുമെന്ന് ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് റിപ്പോര്‍ട്ടറിലൂടെ അറിയിച്ചു. കായികമേളയ്ക്ക് ശേഷം ദേവപ്രിയ തിരിച്ച് വീട്ടിലെത്തുന്ന ദിവസം തന്നെ പുതിയ വീടിന്റെ ശിലാസ്ഥാപനം നടത്തുമെന്നും സി വി വര്‍ഗീസ് ഉറപ്പ് നൽകി.
അച്ഛനും അമ്മയും സഹോദങ്ങളും വല്ല്യച്ഛനും അടങ്ങുന്ന കുടുംബത്തിന് താമസിക്കാന്‍ അനുയോജ്യമായ രീതിയില്‍ നാല് മുറികളും ഹാളും അടുക്കളയും ഉള്‍പ്പെടുന്ന വീടാകും സിപിഐഎം ഒരുക്കുക. ദേവപ്രിയ തന്റെ പഞ്ചായത്തുകാരിയാണെന്നതിലെ സന്തോഷവും സി വി വര്‍ഗീസ് പ്രകടിപ്പിച്ചു.
മൂന്നര പതിറ്റാണ്ടുകാലം ഉലയാതെ കിടന്ന റെക്കോര്‍ഡ് മറികടന്നാണ് സബ് ജൂനിയര്‍ വിഭാഗം 100 മീറ്ററില്‍ ഇടുക്കി കാല്‍വരിമൗണ്ട് സിഎച്ച്എസിലെ ദേവപ്രിയ ഒന്നാമതെത്തിയത്. 12.69 സെക്കന്റ് കൊണ്ടാണ് ദേവപ്രിയ നൂറ് മീറ്റര്‍ ഓടിയെത്തിയത്. 1987 ല്‍ കണ്ണൂരുകാരി സിന്ധു മാത്യുവിന്റെ പേരിലായിരുന്നു പഴയ റെക്കോര്‍ഡ്.
ഇടുക്കി കൂട്ടക്കല്ല് സ്വദേശിയും കാല്‍വരി മൗണ്ട് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ് ദേവപ്രിയ. പൊതുപ്രവര്‍ത്തകനായ ഷൈബുവിന്റെയും ബിസ്മിയുടെയും മകളാണ്. പത്താംക്ലാസുകാരി സഹോദരി ദേവനന്ദയും കായികതാരമാണ്. കഴിഞ്ഞ വര്‍ഷവും ദേവപ്രിയ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നെങ്കിലും ഇത്തവണ സംസ്ഥാന റെക്കോര്‍ഡ് മറികടന്ന നേട്ടമാണ് ദേവപ്രിയ കാഴ്ചവെച്ചത്. പിന്നാലെ കോച്ച് ആണ് ദേവപ്രിയക്ക് വീടില്ലാത്ത കാര്യം മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
Content Highlights: CPIM Will Make Home For Devapriya who conquer 100 Mtr in Reacord Time