'പിണറായി വിജയന് മുന്നില്‍ സിപിഐയും എസ്എഫ്‌ഐയും കോമഡി കഥാപാത്രങ്ങളായി'; പിഎം ശ്രീയില്‍ എംഎസ്എഫ്

കുറ്റകരമായ മൗനമാണ് ഈ ആര്‍എസ്എസ് ഡീലിന് മുന്നില്‍ എസ്എഫ്‌ഐ ആചരിക്കുന്നതെന്നും പി കെ നവാസ് കുറ്റപ്പെടുത്തി

'പിണറായി വിജയന് മുന്നില്‍ സിപിഐയും എസ്എഫ്‌ഐയും കോമഡി കഥാപാത്രങ്ങളായി'; പിഎം ശ്രീയില്‍ എംഎസ്എഫ്
dot image

മലപ്പുറം: പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനെതിരെ വിമര്‍ശനവുമായി എംഎസ്എഫ്. പിഎം ശ്രീയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയെ ഒറ്റുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് പറഞ്ഞു. സിപിഐയും എസ്എഫ്‌ഐയും കോമഡി കഥാപാത്രങ്ങളായെന്നും നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

'നമ്മെ വഞ്ചിച്ച് അവസാനം അവര്‍ പിഎം ശ്രീ ഒപ്പുവെച്ചിരിക്കുന്നു. കേരള ജനതയെ ഒറ്റുകയല്ലാതെ പിണറായി വിജയന് മറ്റുവഴികളില്ല! അഴിമതിയില്‍ മുങ്ങികുളിച്ച കുടുംബത്തെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ പിണറായി വിജയന് മുന്നില്‍ കോമഡി കഥാപാത്രങ്ങളായി സിപിഐ മാത്രമല്ല കൂട്ടിന് എസ്എഫ്‌ഐയുമുണ്ട്', നവാസ് പറഞ്ഞു.

കുറ്റകരമായ മൗനമാണ് ഈ ആര്‍എസ്എസ് ഡീലിന് മുന്നില്‍ എസ്എഫ്‌ഐ ആചരിക്കുന്നതെന്നും പി കെ നവാസ് കുറ്റപ്പെടുത്തി. കേരള വിദ്യാര്‍ത്ഥി സമൂഹം നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും നവാസ് കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ഓഫീസുകളാക്കാന്‍ കേരളത്തിലെ വിദ്യാലയങ്ങളെ തീറെഴുതികൊടുത്ത പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ നവാസ് നാളെ പഞ്ചായത്ത് ക്യാമ്പസ് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും വ്യക്തമാക്കി.

ഇന്നാണ് കേരളം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത്. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചാണ് സംസ്ഥാനം പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. വിദ്യാഭ്യാസ സെക്രട്ടറിയാണ് കേരള സര്‍ക്കാരിന് വേണ്ടി ഒപ്പുവെച്ചത്. ഇതോടെ പിഎം ശ്രീയില്‍ ഭാഗമാകുന്ന 34ാമത്തെ സര്‍ക്കാരായി കേരളം മാറിയിരിക്കുകയാണ്. തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടന്‍ സംസ്ഥാനത്തിന് കൈമാറും.

Content Highlights: PM Shri project MSF president PK Navas criticise SFI and Kerala government

dot image
To advertise here,contact us
dot image