പിഎം ശ്രീ: മുഖം നഷ്ടപ്പെട്ട് സിപിഐ; മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വം;നാളെ അടിയന്തര സെക്രട്ടറിയേറ്റ്

സിപിഐയുടെ അടുത്ത നീക്കം പാര്‍ട്ടി സെക്രട്ടറി നാളെ വിശദീകരിക്കും

പിഎം ശ്രീ: മുഖം നഷ്ടപ്പെട്ട് സിപിഐ; മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വം;നാളെ അടിയന്തര സെക്രട്ടറിയേറ്റ്
dot image

തിരുവനന്തപുരം: കൂടിയാലോചനയില്ലാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ സിപിഐക്ക് കടുത്ത അതൃപ്തി. മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. തങ്ങളുടെ എതിര്‍പ്പിനെ മുഖവിലക്കെടുക്കാതെ വിവാദ പദ്ധതിയില്‍ ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വിലയിരുത്തല്‍.

ബിനോയ് വിശ്വം നാളെ മാധ്യമങ്ങളെ കാണുന്നുണ്ട്. സിപിഐയുടെ അടുത്ത നീക്കം പാര്‍ട്ടി സെക്രട്ടറി നാളെ വിശദീകരിക്കും. സിപിഐ സെക്രട്ടറിയേറ്റ് അടിയന്തര യോഗവും നാളെ ചേരും. ഓണ്‍ലൈനായിട്ടാവും യോഗം ചേരുക.

പാർട്ടിയുമായി കൂടിയാലോചിച്ച ശേഷം നിലപാട് അറിയിക്കാമെന്ന് മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. സിപിഐയുടെ നിലപാട് സെക്രട്ടറി വ്യക്തമാക്കിയതാണ്. നാളെ സംസ്ഥാന സെക്രട്ടറി വിശദമായി കാര്യങ്ങള്‍ പറയും. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് പോകാം. ഇപ്പോള്‍ അതിനെക്കുറിച്ച് പറയുന്നത് ഉചിതമല്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

പിഎം ശ്രീയില്‍ ഒപ്പുവെച്ച നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് എഐഎസ്എഫും സിപിഐ അധ്യാപക സംഘടന എകെഎസ്ടിയുവും രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റെ നടപടി തികഞ്ഞ വഞ്ചനയും വിദ്യാര്‍ത്ഥി വിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എഐഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. സംഘ പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ അതിശക്തമായ സമരങ്ങള്‍ക്ക് ഇടതുപക്ഷം നേതൃത്വം നല്‍കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ടെന്നും സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ കേരളത്തിന്റെ തെരുവുകളില്‍ ഉയരുമെന്നും എഐഎസ്എഫ് അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ ആശങ്കയുണ്ടെന്ന് എകെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍ പറഞ്ഞു. ആശങ്കയുണ്ടെന്നും അക്കാര്യം ആദ്യമേ ഉന്നയിച്ചിരുന്നുവെന്നും ജയകൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. എന്തുകൊണ്ട് ഇടതുപക്ഷം ഇത്തരമൊരു തീരുമാനത്തിലേക്ക് പോയി എന്ന് വിശദീകരിക്കേണ്ട ബാധ്യത എല്‍ഡിഎഫിനും അതിനെ നയിക്കുന്ന പാര്‍ട്ടിക്കുമുണ്ട്. പിഎം ശ്രീയില്‍ ഒപ്പ് വെക്കരുതെന്നത് കേരളത്തിന്റെ പൊതുതാല്‍പര്യമായിരുന്നു. ബദല്‍ മാര്‍ഗം തേടേണ്ടിയിരുന്നു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയും സമഗ്രശിക്ഷാ ഡയറക്ടറും ദില്ലി കേന്ദ്രീകരിച്ച് നില്‍ക്കുകയായിരുന്നുവെന്നും ഒ കെ ജയകൃഷ്ണന്‍ പറഞ്ഞു.

സിപിഐയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പിഎം ശ്രീയില്‍ വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ പിഎം ശ്രീയുടെ ഭാഗമാകുന്ന 34ാമത്തെ സര്‍ക്കാരായി കേരളം മാറി. ഇതോടെ തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടന്‍ സംസ്ഥാനത്തിന് കൈമാറും.

പിഎം ശ്രീയില്‍ ഒപ്പിടുന്നത് സംബന്ധിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച വന്നാല്‍ ശക്തമായി എതിര്‍ക്കാന്‍ ബിനോയ് വിശ്വം സിപിഐ മന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ വിഷയം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ഗൗനിക്കാത്തതില്‍ സിപിഐക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. പാര്‍ട്ടി തീരുമാന പ്രകാരം റവന്യു മന്ത്രി കെ രാജന്‍ മന്ത്രിസഭയില്‍ വിഷയം എടുത്തിട്ടിട്ടും മുഖ്യമന്തി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയോ പ്രതികരിച്ചിരുന്നില്ല. അതിനിടെയാണ് എതിര്‍പ്പുകളെല്ലാം മറികടന്ന് പിഎം ശ്രീ ധാരണാ പത്രത്തില്‍ സംസ്ഥാനം ഒപ്പുവെച്ചത്.

Content Highlights: PM Shri it is a violation of frontline etiquette Said binoy viswam

dot image
To advertise here,contact us
dot image