
ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) നീട്ടി വെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
അയൽ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും കമ്മീഷന്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കാമെന്നാണ് കമ്മീഷന്‍ നിലപാട്.
നേരത്തെ എസ്ഐആറിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. ദീര്‍ഘകാല തയ്യാറെടുപ്പും കൂടിക്കാഴ്ചയും ആവശ്യമായ എസ്ഐആറില്‍ പ്രക്രിയ തിടുക്കത്തില്‍ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയനിഴലില്‍ ആക്കിയിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
രേഖകള്‍ ഇല്ലെന്നതിന്റെ പേരില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടന അവകാശത്തിന്റെ ലംഘനമാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടിയില്‍നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്മാറണമെന്നുമായിരുന്നു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത്. വോട്ടര്‍പട്ടികയില്‍നിന്നും ആളുകളെ യുക്തിരഹിതമായാണ് ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
Content Highlights: Kerala asks Election Commission to postpone SIR