
ഭക്ഷണം കഴിക്കുമ്പോഴും ഭക്ഷണത്തിന് ശേഷവും വെള്ളം കുടിക്കുന്നവരാണ് മിക്കവരും. നല്ല ആരോഗ്യത്തിനും ദഹനത്തിനും പോഷകഘടകങ്ങളെ ആഗീരണം ചെയ്യാനും എല്ലാം വെള്ളം സഹായിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുതെന്ന് പറഞ്ഞാലോ? അതെങ്ങനെ ശരിയാകും എന്നല്ലേ? ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. ഏതൊക്കെ ഭക്ഷണങ്ങളാണ് വെള്ളവുമൊത്ത് കഴിക്കരുതാത്തതെന്നല്ലേ? .ലൈഫ് ഓഫ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ജലാംശമുള്ള പഴങ്ങളിലൊന്നാണ് തണ്ണിമത്തന്‍. 96 ശതമാനം വെള്ളം ഇതില്‍ അടങ്ങിയിട്ടുണ്ട്.എന്നാല്‍ ഈ തണ്ണിമത്തന്‍ കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തുന്നു. പഴത്തില്‍നിന്ന് തന്നെ ആവശ്യത്തിന് ജലം ആമാശയത്തില്‍ എത്തിയിട്ടുണ്ടാവും.പിന്നീട് വെള്ളവുംകൂടി കുടിച്ചാല്‍ ദഹനരസങ്ങളെ അത് നേര്‍പ്പിക്കും. ഇത് ഭക്ഷണം വിഘടിക്കുന്നത് പതുക്കെയാക്കും. ഇതുമൂലം വയറ് വീര്‍ക്കുയോ വയറില്‍ അസ്വസ്ഥത ഉണ്ടാവുകയോ ചെയ്യും. തണ്ണിമത്തന്‍ കഴിച്ച ശേഷം 40-50 മിനിറ്റ് കഴിഞ്ഞ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക..
പൊട്ടാസ്യം, നാരുകള്‍, പ്രകൃതിദത്ത പഞ്ചസാര എന്നിവ അടങ്ങിയ വാഴപ്പഴം ഗുണത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. പക്ഷേ വാഴപ്പഴം കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് ഓക്കാനത്തിനും ദഹനക്കേടിനും കാരണമാകും. വാഴപ്പഴം ദഹിക്കാന്‍ ദഹന എന്‍സൈമുകളും വയറിലെ ആസിഡുകളും ആവശ്യമാണ്. വെളളം കുടിക്കുമ്പോള്‍ ഇവയെല്ലാം നേര്‍ത്തുപോകും. ദഹനം പതുക്കെയാകുന്നതുകൊണ്ടാണ് ഓക്കാനവും ദഹനക്കേടും ഉണ്ടാക്കുന്നത്. വാഴപ്പഴം കഴിച്ച ശേഷം 30 മിനിറ്റ് കഴിഞ്ഞ് വെള്ളംകുടിക്കാവുന്നതാണ്.
ഓറഞ്ച്, നാരങ്ങ,മുന്തിരി എന്നിവ ഉള്‍പ്പെടെയുള്ള സിട്രസ് പഴങ്ങളില്‍ നാരുകള്‍, വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരുന്നു. പക്ഷേ ഇവയോടൊപ്പം വെളളം കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തും. വയറിലെ ആസിഡുകളെ നേര്‍പ്പിക്കുകയും പി എച്ച് ബാലന്‍സ് തടസ്സപ്പെടുത്തുകയും വയറ് വീര്‍ക്കല്‍, ദഹനക്കേട് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമാണ് നിലക്കടല. ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ടെങ്കിലും നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കും. പ്രത്യേകിച്ച് കുട്ടികളില്‍. വെളളം നിലക്കടലയെ ദഹിപ്പിക്കുന്നത് മന്ദഗതിയിലാക്കും. നിലക്കടല കഴിച്ച ശേഷം കുറഞ്ഞത് 20-30 മിനിറ്റെങ്കിലും കഴിഞ്ഞേ വെള്ളം കുടിക്കാവൂ.
പാലില്‍ കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിനുകള്‍ ഇവയെല്ലാം അടങ്ങിയിട്ടുണ്ട്. എന്നാലും പാല്‍ കുടിച്ച ശേഷം വെള്ളം കുടിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. പാലിലെ പ്രോട്ടീനുകളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകളെ വെള്ളം നേര്‍പ്പിക്കുന്നു. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും ആമാശയത്തില്‍ അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് അസ്വസ്ഥതയും ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കും. പാല്‍ കുടിച്ച ശേഷം 30 മിനിറ്റ് അല്ലെങ്കില്‍ ഒരു മണിക്കൂറിന് ശേഷം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
Content Highlights :Drinking water with certain foods can cause many health problems.