

ഈ വർഷത്തെ മോഹൻലാലിന്റെ അടുത്ത സൂപ്പർഹിറ്റായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭ. ഇതുവരെ എത്തിയ സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ റീലീസ് തിയതിയും അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. നവംബർ 6 ന് ചിത്രം ആഗോളതലത്തിൽ റിലീസിന് എത്തും. ഇപ്പോഴിതാ ഒരു പുതിയ വലിയ പ്രഖ്യാപനം വരുന്ന ഒക്ടോബർ 25ന് ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും. ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. അടുത്തിടെ മോഹൻലാൽ ചിത്രത്തിൻ്റെ ഡബ്ബിംഗ് ജോലികളും പൂർത്തിയാക്കിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് താരം ഷനായ കപൂർ, സാറാ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും.
Content Highlights: Mohanlal starrer big budget action movie Vrusshabha new update