
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ അസത്യപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍. ദേവസ്വത്തില്‍ നിന്ന് ഒരു തരി സ്വര്‍ണ്ണമോ വിലപ്പെട്ട മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് വി കെ വിജയന്‍ പറഞ്ഞു. ദേവസ്വത്തിന്റെ മുഴുവന്‍ സ്വര്‍ണ്ണവും വെള്ളിയും വിലപ്പിടിപ്പുള്ളവയും കൃത്യമായി സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
'സത്യവിരുദ്ധമായ പ്രചരണത്തിലൂടെ ഭക്തസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തില്‍ ദേവസ്വം ഭരണസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ ആനക്കൊമ്പ് സ്റ്റോക്കില്‍ ഇല്ലെന്നത് തെറ്റായ പ്രചരണമാണ്. അപഹാസ്യകരമായ വാര്‍ത്തയാണിത്. വനം വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മഹസ്സര്‍ തയ്യാറാക്കിയുമാണ് ആനക്കൊമ്പ് മുറിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മുറിച്ച കഷണങ്ങളും മുറിയ്ക്കുമ്പോഴുണ്ടാകുന്ന പൊടിയടക്കം വനം വകുപ്പ് ഏറ്റെടുത്ത് കൊണ്ടുപോയി വനം വകുപ്പിന്റെ കസ്റ്റഡിയിലാണ് സൂക്ഷിക്കുന്നത്', വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ചെരിഞ്ഞ ആനകളുടെ കൊമ്പുകളും വനം വകുപ്പ് ഏറ്റെടുക്കുന്നുവെന്നും ഇതിന്റെ മഹസ്സര്‍ ആണ് സൂക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊമ്പ് മുറിക്കുന്നതിന്റെ ചെലവ് ദേവസ്വം വഹിക്കുന്നു. അതിനാലാണ് കൊമ്പ് മുറിക്കുന്നതിന്റെ ബില്ല് പാസാക്കി അനുവദിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും ഒരു തരി സ്വര്‍ണ്ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും സ്റ്റോക്കിലുള മുഴുവന്‍ സ്വര്‍ണ്ണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ളവയും കൃത്യമായി സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും വി കെ വിജയന്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ നിത്യ ഉപയോഗത്തിനുള്ളവ മേല്‍ശാന്തിയുടെ സ്റ്റോക്കിലും ബാക്കിയുള്ളവ ഡബിള്‍ ലോക്കറിലുമായി സൂക്ഷിച്ചിട്ടുണ്ട്. ഭണ്ഡാരത്തില്‍ നിന്നും സ്വര്‍ണ്ണമടക്കമുള്ളവ ലോക്കറിലേക്ക് മാറ്റുന്നത് ഹൈക്കോടതി നിയോഗിച്ചിട്ടുള്ളവരുടെ സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണ്. ഡിഎല്‍ആര്‍ എന്ന സ്റ്റോക്ക് രജിസ്റ്ററില്‍ ഇവ രേഖപ്പെടുത്തുന്നു. ഓരോ ദിവസവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കിലോക്കണക്കിന് കുങ്കുമപ്പൂ ലഭിക്കുന്നു എന്ന മാധ്യമ വാര്‍ത്ത പൂര്‍ണ്ണമായും ലേഖകന്റെ ഭാവന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് സത്യവുമായി ഒരു ബന്ധവുമില്ലെന്നും ക്ഷേത്രത്തില്‍ ലഭിക്കുന്ന കുങ്കുമപ്പൂവ് പ്രത്യേക സ്റ്റോക്ക് രജിസ്റ്ററില്‍ ചേര്‍ക്കുകയും ആയതില്‍ യോഗ്യമായവ ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് വി കെ വിജയന്‍ കൂട്ടിച്ചേര്‍ത്തു. തികയാത്തവ ടെണ്ടര്‍ വഴി കാശ്മീരില്‍ നിന്നും കളഭം നിര്‍മ്മാണത്തിനായി ലഭ്യമാക്കുന്നുവെന്നും പ്രസ്തുത സ്റ്റോക്ക് രജിസ്റ്റര്‍ ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധനയ്ക്ക് വിധേയമാണെന്നും വി കെ വിജയന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Content Highlights: Chairman says legal action will be taken against falsehoods against Guruvayur Devaswom