
കൊച്ചി: പെണ്‍കുഞ്ഞ് ജനിച്ചതു മുതലാണ് ഭര്‍ത്താവ് മര്‍ദിക്കാൻ തുടങ്ങിയതെന്ന് വെളിപ്പെടുത്തി അങ്കമാലിയില്‍ ഭര്‍ത്താവിന്റെ ക്രൂര പീഡനത്തിന് ഇരയായ 29കാരി. പണം ചോദിച്ചും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ജോലിക്ക് പോകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞെന്നും യുവതി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
'പ്രസവത്തിനുശേഷം ഇരുപത്തിയെട്ടാം ദിവസം കട്ടിലില്‍ നിന്ന് വലിച്ചു താഴെയിട്ടു. മര്‍ദ്ദന വിവരം അയല്‍ക്കാര്‍ക്കും അറിയാമായിരുന്നു. കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തി. ഭര്‍ത്താവ് അന്ധവിശ്വാസിയാണ്. തലക്കടിച്ച് പരിക്കേറ്റപ്പോള്‍ അപസ്മാരം വന്ന് വീണത് ആണെന്ന് ആശുപത്രിയില്‍ കള്ളം പറഞ്ഞു', യുവതി ആരോപിച്ചു.
യുവതിയുടെ ഭര്‍ത്താവ് അങ്കമാലി ഞാലൂക്കര സ്വദേശി ഗിരീഷിനെതിരെ കേസുമായി മുന്നോട്ട് പോകുമെന്നും കുടുംബം പറഞ്ഞു. പലതവണ ഒത്തുതീര്‍പ്പിന് ശ്രമിച്ചു പരാജയപ്പെട്ടെന്നും നിലവിലുള്ള പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കുടുംബം വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പാണ് പെണ്‍കുഞ്ഞ് ഉണ്ടായതില്‍ കുറ്റപ്പെടുത്തി ഭര്‍ത്താവ് മര്‍ദിക്കുന്നതായി യുവതി പരാതി നല്‍കിയത്. പരാതിയില്‍ അങ്കമാലി പൊലീസ് ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. 2020ലാണ് ഇരുവരുടെയും വിവാഹം നടന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതിന് ശേഷം ഗിരീഷ് തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.
Content Highlights: woman who attacked by husband says started beating her after her daughter was born