
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയിൽ മലക്കം മറിഞ്ഞ് മുസ്‌ലിം ലീഗ്. മൂന്ന് തവണ മത്സരിച്ച് മാറി നിന്നവർക്ക് ഇത്തവണ ഇളവ് നൽകി. നേരത്തെ വ്യവസ്ഥ മൂലം മാറി നിന്നവർക്ക് അനിവാര്യമാണെങ്കിൽ മത്സരിക്കാം എന്നാണ് മുസ്‌ലിം ലീഗിന്‍റെ പുതിയ സർക്കുലർ. മത്സരിക്കാൻ ബന്ധപ്പെട്ട വാർഡ്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ അനുമതി മാത്രം മതി. പാർട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം എന്നാണ് ലീഗിന്റെ ന്യായീകരണം.
'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനം അനുസരിച്ച് മൂന്നു ടേം പൂർത്തിയായത് കൊണ്ട് കഴിഞ്ഞ തവണ ഒരു ടേം മാറി നിന്ന പ്രധാന നേതാക്കളുടെ സ്ഥാനാർത്ഥിത്വം പാർട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങൾക്കും അനിവാര്യമാണെങ്കിൽ അത്തരം നേതാക്കൾക്ക് ബന്ധപ്പെട്ട വാർഡ് കമ്മിറ്റികളുടെയും പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പൽ കമ്മിറ്റികളുടെയും നിയോജകമണ്ഡലം കമ്മിറ്റികളുടെയും ഏകകണ്ഠമായ ശുപാർശകളുടെ അടിസ്ഥാനത്തിൽ പ്രത്യേക പരിഗണന നൽകാവുന്നതാണ്. എന്നാൽ മൂന്നിലധികം തവണ ജനപ്രതിനിധികളായവർക്ക് ഈ പരിഗണന ഉണ്ടാകില്ല' എന്ന് സർക്കുലറിൽ പറയുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതിനായി മുസ്‌ലിം ലീഗ് സർക്കുലർ ഇറക്കിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥികളായി മത്സരിക്കുന്നവരിൽ മൂന്ന് തവണ മത്സരിച്ചവരുണ്ടെങ്കിൽ അവർ മാറിനിൽക്കണമെന്നായിരുന്നു ഈ സർക്കുലർ. ജില്ലാതലങ്ങളിലടക്കം ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഴയ സർക്കുലറിൽനിന്നും തീരുമാനത്തിൽനിന്നും ലീഗ് മലക്കം മറിഞ്ഞു. സർക്കുലറിനെതിരെ ലീഗിൽ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ലീഗിന്റെ പിന്മാറ്റം.
എന്നാൽ ഇളവ് നൽകുന്നത് യുവാക്കളുടെ അവസരം നഷ്ടമാക്കുമെന്നാണ് ഉയരുന്ന ആക്ഷേം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പാർലമെന്ററി ബോർഡിൽ യൂത്ത് ലീഗിനെ തടഞ്ഞതിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിൽ പാർലമെന്ററി ബോർഡുകൾ രൂപീകരിച്ചാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കാറുള്ളത്. എന്നാൽ ഈ ബോർഡിലേക്ക് യൂത്ത് ലീഗിൽനിന്ന് ജനറൽ സെക്രട്ടറി പി കെ ഫിറോസിനെയും ട്രഷറർ ഇസ്മയിൽ വയനാടിനെയും മാത്രമാണ് ഉൾപ്പെടുത്തിയത്. എംഎസ്എഫിൽ നിന്ന് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് മാത്രമാണ് ബോർഡിലുള്ളത്. ഇങ്ങനെ പാർലമെന്ററി ബോർഡിൽനിന്ന് ഒഴിവാക്കപ്പെടുമ്പോൾ സ്ഥാനാർത്ഥിത്വത്തിലും ഒഴിവാക്കപ്പെടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ അവഗണിക്കുകയാണെന്നുമാണ് യൂത്ത് ലീഗിന്റെ ആക്ഷേപം. ഇത് സംബന്ധിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് യൂത്ത് ലീഗ് നേതാക്കൾ നേരിട്ട് പരാതി നൽകിയതായാണ് വിവരം.
Content Highlights: Muslim League changes stand on three-term system in local elections