
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെതിരെ തുറന്നടിച്ച് ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി തോമസ് വര്‍ഗീസ് അമയില്‍ രംഗത്ത്. ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ വേണ്ടെങ്കില്‍ അത് തുറന്നു പറയണമെന്നും കഴിവുള്ള നേതാക്കള്‍ നേതൃത്വത്തില്‍ വരണമെന്നത് പൗരന്മാരുടെ സ്വപ്‌നമാണെന്നും തോമസ് വര്‍ഗീസ് പറഞ്ഞു.
'അവരെ മതത്തിന്റെ പേരില്‍ തടയുന്നത് സങ്കടകരമായ കാര്യമാണ്. പൊതുസമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കഴിയാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ സഭകള്‍ തുറന്നു പറയും. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല.' തോമസ് വര്‍ഗീസ് പറഞ്ഞു. സഭകളുടെ അടിസ്ഥാനത്തിലല്ല കോൺഗ്രസിൽ തീരുമാനങ്ങളെടുക്കുന്നത് എന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമർശത്തോടായിരുന്നു തോമസ് വർഗീസിന്റെ പ്രതികരണം.
ചാണ്ടി ഉമ്മനേയും അബിന്‍ വര്‍ക്കിയേയും പരിഗണിക്കാത്തതില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. കെപിസിസി പുനഃസംഘടനയില്‍ എല്ലാവരും നൂറു ശതമാനം തൃപ്തരാണെന്ന് കരുതുന്നില്ലെന്നും വ്യക്തികളുടെ അഭിപ്രായങ്ങള്‍ പോലും കണക്കിലെടുക്കാറുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
കെപിസിസി പുനഃസംഘടനയില്‍ കടുത്ത അതൃപ്തി അറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് രംഗത്തെത്തിയിരുന്നു. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓര്‍ത്തഡോക്സ് സഭ എന്ന് കരുതേണ്ടെന്നും സഭാംഗങ്ങള്‍ ഏത് സ്ഥാനത്തായാലും അവരെയൊക്കെ തഴയാം എന്ന ചിന്തയുണ്ടെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞിരുന്നു. അബിന്‍ വര്‍ക്കിയും ചാണ്ടി ഉമ്മനും തങ്ങളുടെ യുവതയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കെപിസിസി പുനഃസംഘടനയില്‍ അബിൻ വർക്കിയും ചാണ്ടി ഉമ്മനും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ക്രിസ്ത്യാനിയായത് പ്രശ്നമാണോ എന്ന് അറിയില്ലെന്നും പാർട്ടി ആ രീതിയിൽ കാണുന്നുണ്ടോ എന്ന് അറിയില്ലെന്നുമായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം. യൂത്ത് കോൺഗ്രസിലെ എല്ലാ പ്രവർത്തകരും എല്ലാ പ്രവർത്തിക്കും അർഹരാണെന്നും അബിൻ വർക്കി പറഞ്ഞിരുന്നു. താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളില്‍ വിഷമം വരുമെന്നുമായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. പാര്‍ട്ടിയുമായുളള പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുളളില്‍ സംസാരിക്കുമെന്നും പാര്‍ട്ടിയില്‍ ജാതിയും മതവും ഒന്നുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
Content Highlight; Orthodox sabha vaidhika Trustee Speak Out Against KPCC President