
കൊല്ലം: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ശ്രീരാഗ് രാധാകൃഷ്ണന്റേതെന്ന് സ്ഥിരീകരിച്ചു. ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് മൃതദേഹം ഡയറക്ടര്‍ ജനറല്‍ സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.
തേവലക്കര നടുവിക്കര ഗംഗയില്‍ പി പി രാധാകൃഷ്ണന്‍-ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്‍. സ്‌കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്‌നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്. ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ചുനക്കര സ്വദേശിനിയായ ജിത്തുവാണ് ശ്രീരാഗിന്റെ ഭാര്യ. അതിഥി, അനശ്വര്‍ എന്നിവരാണ് മക്കള്‍.
ബെയ്‌റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പതിനാല് ഇന്ത്യക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. മൂന്ന് ഇന്ത്യക്കാര്‍ അപകടം നടന്ന അന്ന് തന്നെ മരിച്ചിരുന്നു. കോന്നി സ്വദേശിയായ ആകാശ് ബോട്ടില്‍ നിന്ന് തെറിച്ചുവീണിരുന്നു. ഇതിന് പിന്നാലെ ആകാശ് നീന്തി രക്ഷപ്പെട്ടിരുന്നു. പിറവം സ്വദേശി ഇന്ദ്രജിത്തും അപകടത്തില്‍പ്പെട്ടിരുന്നു. ഇന്ദ്രജിത്തിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.
Content Highlights- Kollam native Sreerag died in Mozambique boat mishap