'ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർഎസ്എസിന് കഴിയുന്നില്ല'; ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ആര്‍എസ്എസിന് മേധാവിത്വമുണ്ടായാല്‍ മഹാബലിയെ നഷ്ടമാകും. ആര്‍എസ്എസിന് താത്പര്യം വാമനനോടാണെന്നും മുഖ്യമന്ത്രി

'ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർഎസ്എസിന് കഴിയുന്നില്ല'; ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
dot image

കണ്ണൂര്‍: ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ അയ്യപ്പനൊപ്പം വാവരെ കാണാന്‍ ആര്‍എസ്എസിന് കഴിയുന്നില്ലെന്നും അതുകൊണ്ട് ശബരിമലയില്‍ ആര്‍എസ്എസ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാവര്‍ക്ക് പ്രാധാന്യമുള്ളത് സംഘപരിവാറിനെ ചൊടിപ്പിക്കുകയാണ്. വാവരെ കൊള്ളാത്തവനായി ചിത്രീകരിക്കാനാണ് ശ്രമം. അയ്യപ്പവിശ്വാസികള്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂരിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ഇഷ്ടമുള്ള ആഹാരം കഴിക്കാം. ബിജെപിക്ക് വോട്ട് നല്‍കിയാല്‍ ആ ഓരോ വോട്ടും കേരള തനിമയെ തകര്‍ക്കും. ആര്‍എസ്എസിന് കേരളത്തില്‍ സ്വാധീനമില്ലാത്തതുകൊണ്ടാണ് അവര്‍ക്ക് ഇടപെടാന്‍ കഴിയാത്തത്. ആര്‍എസ്എസിന് മേധാവിത്വമുണ്ടായാല്‍ മഹാബലിയെ നഷ്ടമാകും. ആര്‍എസ്എസിന് താത്പര്യം വാമനനോടാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

2011ല്‍ യുഡിഎഫ് അധികാരത്തിലെത്തിയത് തകര്‍ന്ന ഭരണത്തിലേക്ക് ആയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അഭിവൃദ്ധിപ്പെടുത്തിയ ഭരണത്തിലേക്കായിരുന്നു യുഡിഎഫ് കാലെടുത്തുവെച്ചത്. അഞ്ച് വര്‍ഷം കൊണ്ട് യുഡിഎഫ് എല്ലാം തകര്‍ത്തുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അമേരിക്കയെ കവച്ചുവെയ്ക്കുന്ന ആരോഗ്യരംഗമാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിശുമരണ നിരക്ക് അമേരിക്കയില്‍ 5.6 ശതമാനമാണ്. കേരളത്തില്‍ ശിശുമരണ നിരക്ക് അഞ്ച് ശതമാനമാണ്. തുടര്‍ ഭരണം വികസനത്തിന് വഴിവെച്ചു. ജനുവരിയില്‍ ദേശീയപാതയുടെ ഉദ്ഘാടനം നടക്കാന്‍ പോകുകയാണ്. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights- CM Pinarayi Vijayan against rss and bjp

dot image
To advertise here,contact us
dot image