
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം കുറുക്കന്റെ കൈയിൽ കോഴിയെ ഏൽപ്പിച്ചതുപോലെയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
അന്വേഷണം എങ്ങനെ പോകണമെന്ന് തിരക്കഥ തയ്യാറാക്കി. ഉണ്ണികൃഷ്ണൻ പോറ്റി സ്ഥലത്ത് ഉണ്ടായിട്ടും കസ്റ്റഡിയിൽ എടുക്കാതിരുന്നത് ഇതിനാലാണ്. പോറ്റിയെ മൊഴി കൊടുക്കാൻ പഠിപ്പിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. പോറ്റി മുഖ്യമന്ത്രിയെക്കാളും മന്ത്രി വാസവനെക്കാളും വിദഗ്ധനാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. എന്താണ് നടന്നതെന്ന് മുഖ്യമന്ത്രിക്കും കടകംപള്ളിക്കും വാസവനും അറിയാമെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇതുവരെ കണ്ട ഒരു പോറ്റി അല്ല ഉണ്ണികൃഷ്ണൻ പോറ്റി. അയാൾ അതിവിദഗ്ധനായ പോറ്റിയാണ്.ഭയങ്കര യോഗമാണ് മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്, യോഗ ദണ്ഡ് തന്നെ അദ്ദേഹം അടിച്ചുമാറ്റി. സ്വർണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് എൻ വാസുവും പത്മകുമാറും എഴുതിക്കൊടുക്കണമെങ്കിൽ കടകംപള്ളിക്ക് കാര്യം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
വി എൻ വാസവനെ പായസം കുടിക്കാനാണോ മന്ത്രിയായി ഇരുത്തിയത്. പണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് പോയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ദേവസ്വം ഉദ്യോഗസ്ഥരെ മാത്രം ചോദ്യം ചെയ്യും. കൂടിവന്നാൽ പത്മകുമാറിലേക്ക് മാത്രമേ പോകൂവെന്നും സുരേന്ദ്രൻ ആരോപിച്ചു.
നവോത്ഥാനത്തിന്റെ മറവിൽ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനുള്ള രാഷ്ട്രീയ തീരുമാനം എൽഡിഎഫ് എടുത്തു. വി എസിന്റെ കാലം മുതൽ ഈ തീരുമാനം ഉണ്ടായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം ഖജനാവിലേക്ക് മാറ്റാൻ വിഎസിന്റെ കാലത്ത് നീക്കം നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണോ ശബരിമല സ്വർണക്കൊള്ള നടന്നതെന്ന കാര്യം മാത്രമാണ് ഇനി ജനങ്ങൾക്ക് അറിയാനുള്ളത്. ആയിരം ഗംഗയിൽ മുങ്ങിയാലും പിണറായി വിജയന്റെ മേലുള്ള പാപക്കറ കഴുകി കളയാൻ കഴിയില്ല. പോറ്റിയിൽ മാത്രം ഒതുക്കി അന്വേഷണം അവസാനിപ്പിക്കാമെന്ന് വിചാരിക്കേണ്ട. ശരിയായ അന്വേഷണം നടക്കണം. വലിയ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡ് ഏറ്റവും വലിയ വെള്ളാനയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ കെ മുരളീധരനെ പോലെയാണ്, എല്ലാവരും ചുവന്ന് തുടുത്ത് ഇരിക്കുന്നു. അയപ്പന്റെ ചില്ലി കാശ് എടുത്തവർ അനുഭവിക്കാൻ പോകുന്നതേ ഉള്ളൂ. അന്വേഷണത്തിന് മറ്റ് ഏജൻസികളെ എത്തിക്കാൻ പറ്റുമോ എന്നത് ആലോചിക്കും. കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണജാഥ അയ്യപ്പന് വേണ്ടിയായിരുന്നില്ല. അയ്യപ്പനുവേണ്ടി ആയിരുന്നെങ്കിൽ ജാഥ ക്യാപ്റ്റൻ മുങ്ങുമായിരുന്നില്ല. കോൺഗ്രസിന് അത്ര ആത്മാർത്ഥതയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിനും കോൺഗ്രസിനും ക്ഷേത്രം കൊള്ളയടിക്കുക എന്നതാണ് നിലപാട്. പല അമ്പലങ്ങളിലും സഖാക്കൾ കയറികൂടിയിട്ടുണ്ട്. ക്ഷേത്രക്കൊള്ള വിശദമായി അന്വേഷിക്കണമെന്നതാണ് ബിജെപി നയം. സ്വർണശേഖരമുള്ള ക്ഷേത്രങ്ങളിൽ പരിശോധനയ്ക്ക് ഉത്തരവിടണം.യുവതികളെ മല ചവിട്ടിപ്പിച്ചത് ഇടത് സർക്കാരാണ്. പൊറോട്ടയും ബീഫും കൊടുത്താണോ മല ചവിട്ടിപ്പിച്ചത് എന്ന് അറിയില്ലയെന്നും സുരേന്ദ്രൻ പറയുകയുണ്ടായി.
സിപിഐയെ പിണറായി വിജയൻ പോലും ഗൗനിക്കുന്നില്ലെന്ന് സുരേന്ദ്രൻ പരിഹസിച്ചു. സിപിഐ ആദ്യം എതിർക്കും പിണറായി വിളിപ്പിക്കുമ്പോൾ നിലപാട് മാറ്റുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Content Highlights: K Surendran sharply criticizes government over Sabarimala gold theft