പങ്കജ് ഭണ്ഡാരിയും കുടുങ്ങും? സ്മാര്‍ട്ട് ക്രിയേഷന്‍സിനെതിരെ മൊഴി; നാഗേഷിനെക്കുറിച്ച് എസ്ഐടിക്ക് വിവരം

നാഗേഷും മറ്റൊരു സ്‌പോണ്‍സറായ കല്‍പേഷും നിലവില്‍ കാണാമറയത്താണ്.

പങ്കജ് ഭണ്ഡാരിയും കുടുങ്ങും? സ്മാര്‍ട്ട് ക്രിയേഷന്‍സിനെതിരെ മൊഴി; നാഗേഷിനെക്കുറിച്ച് എസ്ഐടിക്ക് വിവരം
dot image

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളിയിലും സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനെതിരെയും മൊഴി നല്‍കി. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് മൊഴി. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും പോറ്റിയുടെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ നാഗേഷും തമ്മില്‍ ബന്ധമുണ്ടെന്നും പോറ്റി മൊഴി നല്‍കി. നാഗേഷിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. നാഗേഷും മറ്റൊരു സ്‌പോണ്‍സറായ കല്‍പേഷും നിലവില്‍ കാണാമറയത്താണ്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ചെന്നൈയില്‍ പോയി പങ്കജ് ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും എസ്‌ഐടിക്ക് വിവരം ലഭിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി നല്‍കാനെത്തിയത്. ദേവസ്വം വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പായിരുന്നു ദുരൂഹമായ കൂടിക്കാഴ്ച നടന്നത്.

സ്മാര്‍ട്ട് ക്രിയേഷന്‍സിന് പുറമെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കുന്ന മൊഴിയും ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കി. വന്‍ഗൂഢാലോചനയാണ് നടന്നതെന്നും സ്വര്‍ണം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചുനല്‍കിയെന്നും മൊഴിയിലുണ്ട്. വിവാദകാലയളവില്‍ ദേവസ്വംബോര്‍ഡില്‍ ഉദ്യോഗസ്ഥരായിരുന്നവരെ സംശയനിഴയില്‍ നിര്‍ത്തുന്നതാണ് മൊഴി.

അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല. സമര്‍പ്പിച്ചാലും ജാമ്യം ലഭിക്കില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. അഡ്വ. വില്‍സണ്‍ വേണാട്ട്, ലെവിന്‍ തോമസ് എന്നിവരാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരാവുക. ശാസ്തമംഗലം അജിത് അസോസിയേറ്റാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി വാദിക്കുക. ഉണ്ണികൃഷ്ണന്‍ പോറ്റിയെ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരിക്കുകയാണ്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കോടതി പരിസരത്ത് ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് എസ്‌ഐടി ഉണ്ണി കൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ പുളിമാത്തെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത പോറ്റിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്‌ഐടി അന്വേഷണം ആരംഭിച്ച് അഞ്ചാംദിവസമാണ് കേസിലെ നിര്‍ണ്ണായക നടപടി. ദേവസം വിജിലന്‍സ് സംഘം നേരത്തെ രണ്ട് തവണയായി ചോദ്യം ചെയ്തിരുന്നെങ്കിലും ഉണ്ണികൃഷ്ണന്‍പോറ്റി കാര്യമായൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകളില്‍ ഒന്നാംപ്രതിയാക്കി കേസെടുത്തത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും രണ്ട് കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights: Sabarimala Unnikrishnan potty Statement against Smart Creations

dot image
To advertise here,contact us
dot image