
പാലക്കാട്: കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയെടുത്ത് സ്‌കൂള്‍ മാനേജ്‌മെന്റ്. ആരോപണവിധേയയായ ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനാധ്യാപിക ലിസിയെയും സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമായി മാറ്റി നിര്‍ത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. തുടര്‍ നടപടികള്‍ സര്‍ക്കാര്‍ വകുപ്പുതല നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി സ്വീകരിക്കുന്നതാണെന്ന് മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പത്ത് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍.
ക്ലാസ് ടീച്ചര്‍ക്കെതിരെ ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ആശ ടീച്ചര്‍ ക്ലാസ് മുറിയില്‍വെച്ച് സൈബര്‍ സെല്ലിനെ വിളിച്ചിരുന്നുവെന്നും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴയും നല്‍കേണ്ടിവരുമെന്നും അര്‍ജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് അര്‍ജുന്റെ സഹപാഠി രംഗത്ത് വന്നിരുന്നു. അതിനുശേഷം അര്‍ജുന്‍ അസ്വസ്ഥനായിരുന്നുവെന്നും സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും സഹപാഠി പറഞ്ഞു. അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവന്‍ തല്ലിയതുകൊണ്ടാണ് അര്‍ജുന്‍ മരിച്ചതെന്നുമാണ് ആശ ടീച്ചര്‍ മറ്റൊരു സുഹൃത്തിനോട് പറഞ്ഞത്.
വെള്ളിയാഴ്ച വൈകിട്ടാണ് അര്‍ജുന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിക്കുന്ന സംഭവം നടന്നത്. അര്‍ജുന്‍ ഉള്‍പ്പെടെയുള്ള നാല് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളെയും സ്‌കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ച് വിടുകയുമായിരുന്നു. പിന്നീട് ക്ലാസ് അധ്യാപിക സമാന വിഷയത്തില്‍ ഇടപെടുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അര്‍ജുന്റെ കുടുംബവും ആരോപിച്ചിരുന്നു.
Content Highlights: Palakkad student death management suspend HM and Class teacher