നവീൻ ബാബുവിന്റെ വേർപാടിന് ഇന്ന് ഒരുവർഷം; നീതി ഇപ്പോഴും അകലെയെന്ന് കുടുംബം

കണ്ണൂരിലെ ക്വാർട്ടേഴ്സിലാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

നവീൻ ബാബുവിന്റെ വേർപാടിന് ഇന്ന് ഒരുവർഷം; നീതി ഇപ്പോഴും അകലെയെന്ന് കുടുംബം
dot image

പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ വേർപാടിന് ഇന്ന് ഒരുവർഷം. കണ്ണൂരിലെ ക്വാർട്ടേഴ്സിലാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഈ ദിനം ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു.
നവീൻ ബാബുവിന്റെ മരണത്തിന് ശേഷം ധാരാളം ആളുകൾ കൂടെ നിന്നു. ക്രിസ്തീയ സഭകൾ ഒപ്പമുണ്ടായിരുന്നു. എല്ലാവരുടെയും പിന്തുണയോടെ മുന്നോട്ട് പോവുകയാണ്. സഹായിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും മഞ്ജുഷ പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പ്രതികരിച്ചു. തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങൾ മറച്ചു വെച്ചാണ് കുറ്റപത്രം സമർപ്പിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ എണ്ണിപ്പറഞ്ഞാണ് കോടതിയെ നിലവിൽ സമീപിച്ചിട്ടുള്ളത്. പി പി ദിവ്യയുടെ യഥാർത്ഥ ഫോൺ നമ്പറിലെ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചില്ല. നവീൻ ബാബു കളക്ടറെ വിളിച്ച ഫോൺ കോളിന്റെ വിശദാംശവും ശേഖരിച്ചിട്ടില്ല.

നീതി ഇപ്പോഴും വളരെ അകലെയാണെന്നാണ് തോന്നിയിട്ടുള്ളത്. നീതി കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്നും പ്രവീൺ പറഞ്ഞു. കൂടെ നിന്നവർക്ക് മാത്രം നന്ദിയെന്നും കൂടെ നിൽക്കാത്തവരോട് ഒന്നും പറയാനില്ലെന്നുമായിരുന്നു നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയുടെ പ്രതികരണം. കുടുംബത്തെ തമ്മിൽ തെറ്റിക്കാൻ ചില ശ്രമം നടന്നുവെന്നും മകൾ വ്യക്തമാക്കി.

ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തുകയും കളക്ടർ അരുൺ കെ വിജയന്റെ സാന്നിധ്യത്തിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് നവീൻ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസിൽ പി പി ദിവ്യ മാത്രമാണ് പ്രതി. ദിവ്യയെ പ്രതിചേർത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

തലശ്ശേരിയിലെ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയും സെഷൻസ് കോടതിക്ക്‌ കൈമാറിയിട്ടുണ്ട്. ഡിസംബർ 16-ന് കേസ് പരിഗണിക്കും.

Content Highlights: one year of naveen babu's death

dot image
To advertise here,contact us
dot image