
കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിൽ പ്രതികരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. ഇന്നലെ നടന്ന സംഭവം അപലപനീയമാണെന്നും ഇന്നലത്തെ പ്രതിഷേധം അക്രമാസക്തമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും പഞ്ചായത്ത് പ്രസിഡന്റിന് നേരെ ആക്രമണമുണ്ടായെന്നും മെഹബൂബ് പറഞ്ഞു. 'എല്‍ഡിഎഫ് പ്രകടനം നടത്തുന്ന സമയത്ത് യുഡിഎഫിന്റെ പ്രതികരണം ഉണ്ടായിരുന്നില്ല. തമ്പടിച്ച് നിന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ കയ്യില്‍ കല്ലും വടികളുമുണ്ടായിരുന്നു. ഷാഫി പറമ്പിലിനെ കാത്ത് ഒന്നര മണിക്കൂറാണ് പ്രവര്‍ത്തകര്‍ നിന്നത്. ഷാഫി പൊലീസിനെ പ്രകോപിപ്പിക്കുകയായിരുന്നു.' മെഹബൂബ് പറഞ്ഞു.
യുഡിഎഫിനെ മാത്രമല്ല വടകരയിലെ ജനനങ്ങളെ കൂടി പ്രതിനിധാനം ചെയ്യുന്ന ആളാണ് ഷാഫി പറമ്പിൽ. അങ്ങനെയായിരുന്നിട്ട് കൂടി ഷാഫി പൊലീസിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു പേരാമ്പ്രയിലെ സംഭവം. പ്രതിപക്ഷ നേതാവ് തന്നെ സമനില തെറ്റിയ നിലയിലാണ് സംസാരിക്കുന്നത്. ഷാഫി പറമ്പില്‍ എംപിയും ആ രീതിയില്‍ പ്രവര്‍ത്തിച്ചു. മാങ്കൂട്ടം വിഷയത്തില്‍ എംപിയാണ് പ്രതി. അത് മറച്ചുവെക്കാന്‍ നടത്തിയ ശ്രമമാണ് ഇന്നലെയുണ്ടായത്. ഇത് ജനാധിപത്യ വിരുദ്ധപ്രക്രിയയാണെന്നും മെഹബൂബ് വ്യക്തമാക്കി.
പ്രകടനം നടക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി പൊലീസ് ധാരണ ഉണ്ടാക്കിയിരുന്നു. അത് ലംഘിച്ചാണ് പ്രതിഷേധം നടന്നത്. പൊലീസിന് അതിനൊന്നും ചെയ്യാനില്ല. ജനങ്ങള്‍ വികാരം കൊള്ളുന്നതില്‍ പ്രശ്‌നമില്ല. വന്ന ജനപ്രതിനിധി പ്രശ്‌നമുണ്ടാക്കുകയാണ്. പൊലീസ് നിലയുറപ്പിച്ച സ്ഥലത്ത് നിന്ന് പുറകോട്ട് പോകണം എന്ന് ഷാഫി പറഞ്ഞു. പൊലീസ് അങ്ങോട്ട് ആക്രമിച്ചിട്ടില്ല, പൊലീസിനെ ആക്രമിക്കുകയാണ് ചെയ്തത്. പൊലീസിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് നടന്നത്. എംപിക്കല്ലാതെ വേറെ കോണ്‍ഗ്രസുകാര്‍ക്കൊന്നും പരിക്കില്ല. ഡിവൈഎസ്പി ഉള്‍പ്പെടെ മറ്റ് ഏഴ് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. പതിനാലാം തീയതി പേരാമ്പ്ര കേന്ദ്രീകരിച്ച് സിപിഐഎം പൊതുയോഗം നടത്തും. സ്വര്‍ണപ്പാളി മറച്ചു പിടിക്കേണ്ട കാര്യം സിപിഐഎമ്മിനില്ല. അതിലെ കള്ളന്മാരെല്ലാം പുറത്തുവരുമെന്നും മെഹബൂബ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെയായിരുന്നു പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ഷാഫി പറമ്പില്‍ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കം ഏഴോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഷാഫിയുടെ മൂക്കിനായിരുന്നു പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
പേരാമ്പ്ര സികെജെ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ യുഡിഎഫ് പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു.ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേ സമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്.
ഷാഫിയുടെ മൂക്കിന് സാരമായ പരിക്കേറ്റെന്നാണ് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞത്. മൂക്കിന്റെ ഇടത്-വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഇടത് അസ്ഥിയുടെ സ്ഥാനം തെറ്റിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.
ഷാഫിക്ക് പരിക്കേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പൊലീസ് അക്രമത്തില്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പൊലീസ് മര്‍ദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞു.
Content Highlight; Congress-Police Clash in Perambra, Kozhikode; M Mehboob reacts