
കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫിയെ അടിച്ചിട്ടില്ലെന്ന വാദം തെറ്റാണെന്നും ദൃശ്യങ്ങളിൽ നിന്ന് അടിക്കുന്നത് വ്യക്തമാണെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഏത് നേതാവ് പറഞ്ഞിട്ടാണ് ഷാഫിയെ മർദ്ദിച്ചത് എന്ന് പൊലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ പുറത്ത് വന്നിട്ടുണ്ടെന്നും എന്നിട്ടും സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കളുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നുവെന്നും ഫിറോസ് പ്രതികരിച്ചു. ആശുപത്രിയിലെത്തി ഷാഫിയെ കണ്ടുവെന്നും അദ്ദേഹത്തിൻ്റെ മൂക്കിന് മൂന്ന് പൊട്ടലുണ്ടെന്നും ഫിറോസ് പറഞ്ഞു.
കേരളത്തിലെ ആഭ്യന്തര മന്ത്രിക്ക് മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് ഷാഫിയെ മർദ്ദിക്കാൻ സിപിഐഎം നേതാക്കളിൽ നിന്ന് കൃത്യമായി നിർദ്ദേശം ഉണ്ടായിയെന്നും ഫിറോസ് പറഞ്ഞു. ശബരിമല വിവാദം മായ്ക്കാൻ പ്രതിപക്ഷത്തെ ഒരു നേതാവിനെ കൊല്ലാൻ പോലും സർക്കാർ മടിക്കില്ല. പൊലീസുകാരെ ഉപയോഗിച്ച് ആസൂത്രിതമായി അക്രമം നടക്കുന്നുവെന്നും ആരുടെ നിർദ്ദേശം എന്ന് വ്യക്തമാവാൻ റൂറൽ എസ്പി ബൈജുവിനെ ചോദ്യം ചെയ്യണമെന്നും ഫിറോസ് പറഞ്ഞു.
എന്നാൽ പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിയ്ക്ക് പൊലീസിന്റെ അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാനാവുന്നത്. ഷാഫിയെ തങ്ങള്‍ അടിച്ചിട്ടില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് പൊലീസിന് തിരിച്ചടിയാണ്.ലാത്തിച്ചാര്‍ജ് നടന്നിട്ടില്ലെന്ന് റൂറല്‍ എസ് പി കെ ഇ ബൈജു റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ലാത്തിച്ചാര്‍ജ് നടന്നതായി ഒരു വിഷ്വല്‍ എങ്കിലും കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒന്നര മണിക്കൂറോളം റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കെ ഇ ബൈജു പറഞ്ഞു.
ഇന്നലെയാണ് കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിൽ എം പിയ്ക്ക് മർദ്ദനമേറ്റത്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും അടക്കം കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റു. ഡിവൈഎസ്പിയുടെ കൈക്കാണ് പരിക്കേറ്റത്.
Content Highlight : PK Feroz says the claim that Shafi was not beaten is false