'ഭയരഹിതവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിനായി നിലകൊണ്ടയാള്‍': ടിജെഎസ് ജോര്‍ജിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

കേരളം ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തിനും ലോക മാധ്യമ രംഗത്തിനും നല്‍കിയ അഭിമാനകരമായ സംഭാവനയായിരുന്നു ടിജെഎസ് എന്നും മുഖ്യമന്ത്രി പറഞ്ഞു

'ഭയരഹിതവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിനായി നിലകൊണ്ടയാള്‍': ടിജെഎസ് ജോര്‍ജിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ടിജെഎസ് ജോര്‍ജ് ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ പ്രഗത്ഭ മാധ്യമപ്രവര്‍ത്തകനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തിനും ലോക മാധ്യമ രംഗത്തിനും നല്‍കിയ അഭിമാനകരമായ സംഭാവനയായിരുന്നു ടിജെഎസ് എന്നും ഭയരഹിതവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിന് വേണ്ടി നിലകൊണ്ടയാളായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അൽപ്പസമയം മുൻപാണ്  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് (97) അന്തരിച്ചത്. ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പിന്നാലെ മരണം സ്ഥിരീകരിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപരാണ് ടി ജെ എസ് ജോര്‍ജ്. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. പത്മഭൂഷണ്‍, സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

2011ലാണ് രാജ്യം ടി ജെ എസ് ജോര്‍ജിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. 2017ലാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ലഭിച്ചത്. 1965ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെ ബി സഹായിയെ ധിക്കരിച്ച് പട്‌ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിനാണ് അദ്ദേഹത്തെ തടവിലാക്കിയത്. അന്ന് ടി ജെ എസ് ജോര്‍ജിന് 37 വയസായിരുന്നു. പട്‌നയില്‍ സര്‍ച്ച്‌ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരുന്നപ്പോഴാണ് സംഭവം. പ്രതിരോധമന്ത്രി വി കെ കൃഷ്ണമോനോനാണ് അദ്ദേഹത്തിന് വേണ്ടി കേസ് വാദിക്കാനെത്തിയത്.

ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. 1950ല്‍ മുംബൈയിലെ ഫ്രീപ്രസ് ജേര്‍ണലിലൂടെയാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജ സെര്‍ച്ച്‌ലൈറ്റ്, ഫാര്‍ ഇസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഹോങ്കോങ്ങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. സമകാലിക മലയാളം ഉള്‍പ്പെടുന്ന ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ എഡിറ്റോറിയല്‍ ഉപദേശക പദവി വഹിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ 25 വര്‍ഷത്തോളം ചെയ്ത പോയിന്റ് ഓഫ് വ്യൂ എന്ന കോളം ഏറെ ശ്രദ്ധേയമായിരുന്നു. 2022ല്‍ 94ാം വയസിലാണ് സജീവ പത്രപ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം വിടപറയുന്നത്. 57 വര്‍ഷത്തെ നിര്‍ഭയ പത്രപ്രവര്‍ത്തനത്തിനായിരുന്നു അന്ന് വിരാമമായത്.

Content Highlights: 'A man who stood for fearless and impartial journalism': Pinarayi Vijayan about TJS George

dot image
To advertise here,contact us
dot image