
ഒരു വർഷത്തോളമായി അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പൗരനെ വിട്ടയച്ച് താലിബാൻ ഭരണകൂടം. ഖത്തറിൻ്റെ മധ്യസ്ഥതയിൽ നടന്ന നിരന്തര ചർച്ചകളെ തുടർന്നാണ് നടപടി. 2024 ഡിസംബർ മുതൽ ജയിലിൽ കഴിയുകയായിരുന്ന അമീർ അമീരിയെയാണ്, ഖത്തർ നടത്തിയ നയതന്ത്ര ശ്രമങ്ങൾക്കും ഇടപെടലുകൾക്കും ഒടുവിൽ മോചിപ്പിച്ചത്.
2024 ഡിസംബർ മുതൽ അമീർ അമിറി അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിയുകയായിരുന്നു. എന്തിനാണ് അമീർ അഫ്ഗാനിലേക്ക് പോയതെന്നോ എന്തിനാണ് തടവിലാക്കപ്പെട്ടതെന്നോ വ്യക്തമല്ല. വിദേശരാജ്യങ്ങളിൽ അമേരിക്കക്കാർ അന്യായമായി തടങ്കലിൽ വയ്ക്കപ്പെടുന്നത് തടയാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ദൃഢനിശ്ചയമാണ് ഈ മോചനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
'അമിർ അമീരിയുടെ മോചനം സാധ്യമാക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ഖത്തറിൻ്റെ ശക്തമായ പങ്കാളിത്തത്തിനും നയതന്ത്ര ശ്രമങ്ങൾക്കും അമേരിക്ക ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.' മാർക്കോ റൂബിയോ പ്രസ്താവനയിൽ പ്രതികരിച്ചു.
യുഎസ് പ്രതിനിധി സംഘം ഈ മാസം രണ്ട് തവണ അഫ്ഗാൻ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിർ അമീരിയുടെ മോചനം സാധ്യമായത്. യുഎസും താലിബാൻ ഭരണകൂടവും തമ്മിലുള്ള ചർച്ചകൾക്ക് ഖത്തറാണ് മധ്യസ്ഥത വഹിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ തടവിലാക്കപ്പെട്ടവർ മോചിതരാകുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 20ന് ഒരു ബ്രിട്ടീഷ് ദമ്പതികളെയും താലിബാൻ വിട്ടയച്ചിരുന്നു. മാസങ്ങളോളം ജയിലിൽ കിടന്ന ബ്രിട്ടീഷ് ദമ്പതികളെ മോചിപ്പിക്കാൻ മുൻകൈയ്യെടുത്ത ഖത്തറിന് അഫ്ഗാൻ ഭരണകൂടവും നന്ദി അറിയിച്ചു.
Content Highlights: Taliban releases U.S. citizen from prison in Afghanistan