
തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പലസ്തീന്‍ ജനതയ്ക്ക് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം അറിയിച്ചു. കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഎസ് പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രായേല്‍ നിഷേധിച്ചുപോരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനൊപ്പമാണ് കേരളം. യുഎന്‍ പ്രമേയത്തിനനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രായേലി അധിനിവേശവും പലസ്തീന്‍ ജനത നേരിടുന്ന പ്രശ്‌നങ്ങളും അംബാസഡറും വിശദീകരിച്ചു. ഈ നിര്‍ണായ സന്ദര്‍ഭത്തില്‍ കേരളം നല്‍കുന്ന പിന്തുണ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പിന്തുണ പലസ്തീന് ആവശ്യമുണ്ട്. അത് ലോകത്തെമ്പാടുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പലസ്തീന് ഐക്യദാര്‍ഢ്യവുമായി സമ്മേളനം നടത്താന്‍ ഒരുങ്ങുകയാണ് ഇടത് മുന്നണി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം സംഘടിപ്പിക്കുക. അബ്ദുളള മുഹമ്മദ് അബു ഷവേഷായിരിക്കും മുഖ്യാതിഥി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് സംഘാടകര്‍.ഇടത് മുന്നണിയിലെ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന എല്ലാവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്ന് എല്‍ഡിഎഫ് ജില്ലാ നേതൃത്വം പറഞ്ഞു. സിപിഐഎം നേതൃത്വം നല്‍കുന്ന ഭരണഘടനാ സംരക്ഷണ സമിതി 2023 നവംബര്‍ മാസത്തിലും കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചിരുന്നു.
Content Highlights- Cm pinarayi vijayan met palestine ambassador to india Abdullah Abu Shawesh