ജോർജുകുട്ടിയും കുടുംബവും പഴയ തീൻമേശയിൽ, ദൃശ്യം 3 ഷൂട്ടിംഗ് പുരോഗമിക്കുന്നു, വൈറലായി ചിത്രങ്ങൾ

കഴിഞ്ഞ 13 വർഷത്തിനിടെ കഥാപാത്രങ്ങൾക്കും വീടിനും വന്ന മാറ്റങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

ജോർജുകുട്ടിയും കുടുംബവും പഴയ തീൻമേശയിൽ, ദൃശ്യം 3 ഷൂട്ടിംഗ് പുരോഗമിക്കുന്നു, വൈറലായി ചിത്രങ്ങൾ
dot image

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3ന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ജോർജുകുട്ടിയുടെ വീട്ടിൽ പഴയ തീൻമേശയുടെ അടുത്ത് ഇരിക്കുന്ന കുടുംബത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് ഭാഗത്തിലെയും തീൻമേശയ്ക്ക് ചുറ്റുമിരിക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ ചേർത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പുതിയ മേശ, കസേര, മറ്റ് വീട്ടിലെ ഉപകരണങ്ങളുടെ മാറ്റങ്ങൾ ചൂണ്ടികാട്ടിയും ചില സിനിമാപ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്. എന്തെങ്കിലും ജീത്തു ജോസഫ് ബ്രില്ലിയൻസ് കണ്ടുപിടിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ 13 വർഷത്തിനിടെ കഥാപാത്രങ്ങൾക്കും വീടിനും വന്ന മാറ്റങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. 'ജോർജുകുട്ടിയും കുടുംബവും എന്തോ പ്ലാനിങ്ങിലാണ്', 'പുതിയ പ്രശ്നങ്ങൾ ഉണ്ടായി അദ്ദേഹം കുടുംബത്തോടൊപ്പം നിൽക്കുന്നു', എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ.

വാഗമൺ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. തൊടുപുഴയിൽ 30 ദിവസത്തെ ഷെഡ്യൂൾ ആണ് നിലവിൽ ഉള്ളത്. ഈ ആഴ്ച തുടക്കത്തിൽ ആരംഭിക്കാനിരുന്ന ഷൂട്ടിങ് മോഹൻലാലിന്റെ പുരസ്കാരച്ചടങ്ങിനെ തുടർന്ന് നീട്ടുകയായിരുന്നു. ഇന്ന് രാത്രിയോടെ മോഹൻലാൽ ഷൂട്ടിങ്ങിനായി തൊടുപുഴയിൽ എത്തുമെന്നാണ് സൂചന.

മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Content Highlights: Drishyam 3 shooting stills went viral

dot image
To advertise here,contact us
dot image