'അമ്പയര്‍മാര്‍ക്കും തെറ്റുപറ്റാമല്ലോ!'; സഞ്ജുവിന്റെ ക്യാച്ചിനെ ചോദ്യം ചെയ്ത് പാക് ക്യാപ്റ്റന്‍

ഫഖർ സമാനെ പുറത്താക്കിയ സഞ്ജു സാംസണിന്റെ ബ്രില്ല്യന്റ് ക്യാച്ച് വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു

'അമ്പയര്‍മാര്‍ക്കും തെറ്റുപറ്റാമല്ലോ!'; സഞ്ജുവിന്റെ ക്യാച്ചിനെ ചോദ്യം ചെയ്ത് പാക് ക്യാപ്റ്റന്‍
dot image

കഴിഞ്ഞ ദിവസം പാകിസ്താനെതിരെയുള്ള ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക് ഓപ്പണർ ഫഖർ സമാനെ പുറത്താക്കിയ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ ക്യാച്ചിനെ ചോദ്യം ചെയ്ത് പാക് ക്യാപ്റ്റൻ സൽമാൻ‌ അലി ആഗ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഓപ്പണർ ഫഖർ സമാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഒമ്പത് പന്ത് നേരിട്ട നിന്ന് താരം 15 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഫഖറിനെ വിക്കറ്റിന് പിന്നില്‍ സഞ്ജു മനോഹരമായി കൈയിലൊതുക്കുകയായിരുന്നു.

ഫഖർ സമാനെ പുറത്താക്കിയ സഞ്ജു സാംസണിന്റെ ബ്രില്ല്യന്റ് ക്യാച്ച് വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഹാർദിക്കിന്റെ സ്ലോ ബോളിൽ എഡ്ജായ ഫഖറിനെ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കെെയിലൊതുക്കുകയായിരുന്നു. ഓൺഫീൽഡ് അംപയർ തീരുമാനം തേർഡ് അംപയർക്ക് കെെമാറി. തേർഡ് അംപയറുടെ പരിശോധനയിൽ ഇത് ഔട്ട് വിധിക്കുകയായിരുന്നു.

ഈ തീരുമാനമാണ് വലിയ വിവാദത്തിനു തിരികൊളുത്തിയത്. തേർഡ് അംപയറുടെ തീരുമാനത്തെ മെെതാനത്ത് വെച്ച് തന്നെ ചോദ്യം ചെയ്താണ് ഫഖർ സമാൻ മടങ്ങിയത്. വേണ്ടത്ര പരിശോധന നടത്താതെയാണ് തേർഡ് അംപയർ വിക്കറ്റ് തീരുമാനിച്ചതെന്ന ആരോപണമാണ് ഇപ്പോൾ പാകിസ്താൻ ആരാധകർ ഉയർത്തുന്നത്. സഞ്ജു സാംസണിന്റെ ഗ്ലൗവിനുള്ളിലേക്ക് പന്ത് വീഴുന്നതായാണ് റീപ്ലേയിൽ കാണുന്നത്. എന്നാൽ ഇതിന് മുമ്പ് പന്ത് നിലത്ത് തട്ടുന്നുണ്ടോയെന്ന സംശയം കമന്റേറ്റർമാരടക്കം ഉയർത്തിക്കാട്ടിയിരുന്നു.

എന്നാൽ ഈ വിക്കറ്റുമായി ബന്ധപ്പെട്ട് ചർച്ചകളും വിവാദങ്ങളും ഉയർന്നു. പന്ത് തറയിൽ തൊട്ടു എന്നാണ് ഒരു വിഭാഗം ഉയർത്തുന്ന വാദം. ഇപ്പോഴിതാ ഈ വിഷയത്തിൽ പാക് ക്യാപ്റ്റൻ സൽമാൻ ആഗയും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

'പന്ത് നിലത്തു കുത്തിയതിന് ശേഷമാണ് വിക്കറ്റ് കീപ്പർ സഞ്ജു ക്യാച്ച് കൈയിലൊതുക്കിയതെന്നാണ് മത്സരശേഷം ആ​ഗ പറഞ്ഞത്. അമ്പയര്‍മാര്‍ക്കും തെറ്റുപറ്റാമല്ലോ. പക്ഷേ എനിക്ക് തോന്നിയത് ആ പന്ത് കീപ്പറുടെ കൈയിലെത്തും മുമ്പ് നിലത്തു കുത്തിയിരുന്നു എന്നു തന്നെയാണ്. ഒരുപക്ഷേ എനിക്ക് തെറ്റുപറ്റിയതാവാം. പക്ഷെ ആ സമയത്ത് മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഫഖറിനെ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് തിരിച്ചടിയായി. പവര്‍ പ്ലേ മുഴുവന്‍ ഫഖര്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ പാകിസ്താന് 190 റണ്‍സെങ്കിലും അടിച്ചെടുക്കാമായിരുന്നു. എന്തായാലും അത്തരം തീരുമാനങ്ങളൊക്കെ അമ്പയറുടെ കൈകളിലാണ്. അവര്‍ക്കും തെറ്റുപറ്റാം', സല്‍മാന്‍ ആഗ പറഞ്ഞു.

Content Highlights: Salman Agha on Sanju Samson's Catch to get Fakhar Zaman during IND vs PAK clash

dot image
To advertise here,contact us
dot image