
ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് കല്യാണി പ്രിയദര്‍ശന്റെ ലോക. മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റ് പദവി സ്വന്തമാക്കിയതിനൊപ്പം ഇന്ത്യന്‍ സിനിമയിലും ചിത്രം റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നുണ്ട്.
സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ എത്തിയിരിക്കുകയാണ് ലോക ഇപ്പോള്‍. ട്രാക്കിങ് വെബ്‌സൈറ്റായ സാല്‍ക്‌നിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 25 ദിവസം പിന്നിടുമ്പോള്‍ 137 കോടിയാണ് ലോകയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍.
ഇതോടെ ഫീമെയില്‍ ലീഡ് ചിത്രങ്ങളുടെ കളക്ഷനില്‍ മൂന്നാം സ്ഥാനത്തേക്ക് ലോക എത്തി. ആലിയ ഭട്ട് നായികയായി എത്തിയ ഗംഗുഭായ് കത്തിയവാഡിയുടെ 132 കോടി നേട്ടത്തെ പിന്തള്ളിയാണ് ലോകയുടെ ഈ കുതിപ്പ്.
നേരത്തെ തന്നെ സൗത്ത് ഇന്ത്യയിലെ ഫീമെയ്ല്‍ ലീഡ് സിനിമയിലെ ടോപ് ഗ്രോസറായിരുന്ന കീര്‍ത്തി സുരേഷിന്റെ 'മഹാനടി'യെ ലോക പിന്തള്ളിയിരുന്നു. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഒരു നായിക കേന്ദ്ര കഥാപാത്രമായി എത്തി 100 കോടി നേടി എന്ന നേട്ടവും കല്യാണി ലോകയിലൂടെ സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ കളക്ഷന്‍ കണക്കുകള്‍ പ്രകാരം കങ്കണ റണൗട്ട് നായികയായി എത്തിയ 'തനു വെഡ്‌സ് മനു റീട്ടേണ്‍സ്' എന്ന ചിത്രവും സുദീപ്‌തോ സെന്നിന്റെ സംവിധാനത്തില്‍ അദാ ശര്‍മ നായികയായി എത്തിയ ദ കേരള സ്‌റ്റോറീസുമാണ് ലോകയ്ക്കും കല്യാണിയ്ക്കും മുന്നിലുള്ളത് എന്നാണ് വിവിധ ട്രാക്കിംഗ് വെബ്‌സൈറ്റുകള്‍ പറയുന്നത്.
തനു വെഡ് മനു റിട്ടേണ്‍സ് 150 കോടിയും ഇന്ത്യ നെറ്റ് കളക്ഷന്‍ 241 കോടിയുമാണെന്ന് ഈ വെബ്‌സൈറ്റുകള്‍ പറയുന്നു. ഗ്രോസ് കളക്ഷനും നെറ്റ കളക്ഷനും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഈ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ മാറ്റം വന്നേക്കാം എന്ന് ചൂണ്ടിക്കാണിക്കുന്നവരും ഏറെയാണ്.
അതേസമയം, ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ലോക ഡൊമിനിക് അരുണിന്റെ സംവിധാനത്തിലാണ് ഒരുങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന് കൂടിയാണ് തുടക്കം കുറിച്ചിരിക്കുന്നത്.
Content Highlights: Lokah surpasses Alia Bhatt's Gangubhai to become 3rd highest grossing female lead movie in India