
പാലക്കാട്: സൈബര്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് കാണാതായ വീട്ടമ്മയെ ഇത് വരെ കണ്ടെത്താനായില്ല. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രേമ(62)യെ ആണ് ഈ മാസം 13ന് കാണാതായത്.
പ്രേമയ്ക്ക് 15 കോടി രൂപ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. 15 കോടി രൂപ സമ്മാനം ലഭിച്ചെന്നും അത് ലഭിക്കാന്‍ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രേമ മൂന്ന് അക്കൗണ്ടുകളിലേക്കായി തുക കൈമാറിയത്. സെപ്തംബര്‍ 11നാണ് പണം നല്‍കിയത്. പിന്നീട് അഞ്ച് ലക്ഷം രൂപ കൂടി നല്‍കിയാലേ സമ്മാനം ലഭിക്കൂവെന്ന് അറിയിച്ചതോടെയാണ് തട്ടിപ്പാണെന്ന് പ്രേമയ്ക്ക് മനസ്സിലായത്. ഇതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് പ്രേമയെ കാണാതായത്.
14ന് രാവിലെ ഗുരുവായൂരില്‍ ബസിറങ്ങിയ അവര്‍ മമ്മിയൂര്‍ ഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി ശ്രീകൃഷ്ണപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് അനീഷ് പറഞ്ഞു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇളംപച്ചയും വെള്ളയും കലര്‍ന്ന നിറത്തിലുള്ള ചുരിദാറാണ് വീടുവിട്ടിറങ്ങുമ്പോള്‍ പ്രേമ ധരിച്ചിരിക്കുന്നത്.
Content Highlights: Housewife who went missing after being victimized by cyber fraud still hasn't been found