
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടേക്ക് വരാനുള്ള നീക്കത്തെ പ്രതിരോധിച്ച് ബിജെപി. എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എംഎല്‍എ ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ചതോടെയാണ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എംഎല്‍എ ഓഫീസ് ഉപരോധിച്ചതും താഴിട്ടുപൂട്ടാന്‍ ശ്രമിച്ചതും. രാഹുല്‍ ഇന്ന് പാലക്കാട് എത്തുമെന്ന പ്രചാരണത്തെ തുടര്‍ന്നായിരുന്നു ബിജെപി പ്രതിഷേധം.
സ്ത്രീപീഡന വീരന്‍ പാലക്കാടിന് വേണ്ട, ഭ്രൂണഹത്യ, സ്ത്രീ പീഡനം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുക തുടങ്ങിയ പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. രാഹുല്‍ നിയമസഭയില്‍ എത്തിയത് ഇടതുപക്ഷവുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും ബിജെപി ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും പ്രതിഷേധക്കാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് രാഹുല്‍ പാലക്കാട് കാലുകുത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും രാവിലെ നാല് മുതല്‍ ഇവിടെ കാത്തുനില്‍ക്കുകയാണെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു. രാഹുല്‍ പാലക്കാടെത്തിയാല്‍ മണ്ഡലത്തില്‍ കാലുകുത്താന്‍ തങ്ങള്‍ സമ്മതിക്കില്ലെന്ന് ബിജെപി വനിതാ നേതാക്കളും പ്രതികരിച്ചു.
ഇന്ന് പുലര്‍ച്ചെ നാല് മുതല്‍ എംഎല്‍എ ഓഫീസ് പരിസരത്ത് ബിജെപി പ്രവര്‍ത്തകരുണ്ട്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാട് എത്തിയേക്കില്ലെന്നാണ് വിവരം. നിയമസഭയില്‍ എത്താത്ത രാഹുല്‍ മണ്ഡലത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ സജീവമാകണമെന്ന അഭിപ്രായത്തിലാണ് എ ഗ്രൂപ്പ് നേതാക്കള്‍. നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം മാത്രമാണ് രാഹുല്‍ സഭയില്‍ എത്തിയത്. അതിനിടെ കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനം നടത്തിയിരുന്നു.
Content Highlights: BJP Workers Protest Infront of Rahul Mamkootathil MLA Office at palakkad Police Arrested