
തിരുവനന്തപുരം: കെഎസ്‌യു നേതാക്കളെ മുഖംമൂടിയും വിലങ്ങുമിട്ട് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഉത്തരവ്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറോടാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് നടപടി. അന്വേഷണത്തിന്റെ വിവരങ്ങള്‍ പരാതിക്കാരനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം നിയമസഭയില്‍ പൊലീസ് നടപടിയെ ന്യായീകരിക്കുകയായിരുന്നു സര്‍ക്കാര്‍. തിരിച്ചറിയല്‍ പരേഡിന് വേണ്ടിയാണ് മുഖംമൂടി ധരിപ്പിച്ചത് എന്നായിരുന്നു മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞത്. വിലങ്ങ് അണിയിച്ചതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ച സബ്മിഷനായിരുന്നു സര്‍ക്കാരിന്റെ മറുപടി.
വടക്കാഞ്ചേരി കിള്ളിമംഗലം ഗവ കോളേജിലെ എസ്എഫ്ഐ- കെഎസ് യു സംഘര്‍ഷത്തിന്റെ ഭാഗമായിട്ടായിരുന്നു മൂന്ന് കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടിയും വിലങ്ങും അണിയിച്ച് കോടതിയില്‍ എത്തിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷനേതാവ് സഭയില്‍ വിഷയം ഉന്നയിച്ചത്. കൊടും കുറ്റവാളികളെ പോലെയാണ് കുട്ടികളെ കൊണ്ടുവന്നതെന്നും തീവ്രവാദികളോട് പോലും ഇക്കാലത്ത് ഇങ്ങനെ ചെയ്യാറില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസ് അതിക്രമത്തിനെതിരെ എംഎല്‍എമാര്‍ നടത്തുന്ന സത്യാഗ്രഹം ഒത്തുതീര്‍പ്പാക്കുന്നില്ല എന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
Content Highlights: DGP orders investigation on KSU leaders produced in court with masks and handcuffs