ചാരായവുമായി അറസ്റ്റിലായ ആളുടെ വീട്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കും ഷെഡിനും തീയിട്ടു

വാറ്റുചാരായം പിടിച്ച സംഭവത്തില്‍ സജീവ് റിമാന്‍ഡിലായിരുന്നതിനാല്‍ വീട്ടില്‍ ആരുമില്ലായിരുന്നു

ചാരായവുമായി അറസ്റ്റിലായ ആളുടെ വീട്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കും ഷെഡിനും തീയിട്ടു
dot image

പയ്യന്നൂര്‍ : കഴിഞ്ഞ ദിവസം വാറ്റ് ചാരായവുമായി അറസ്റ്റിലായ ആളുടെ ഓട്ടോറിക്ഷയ്ക്കും ഷെഡിനും അജ്ഞാതര്‍ തീവെച്ചു. രാമന്തളി കുരിശുമുക്കിലെ കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ സജീവിന്റെ ഓട്ടോറിക്ഷയ്ക്കും വീടിന് പിറകിലെ ഷെഡിനുമാണ് തീയിട്ടത്. വ്യാഴാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ഷെഡിന് തീപിടിക്കുന്നത് കണ്ട് തീയണച്ചതിനാല്‍ ഷെഡ് പൂര്‍ണമായി കത്തിയില്ല. എന്നാല്‍ ഷെഡ് കത്തിച്ച ശേഷം അജ്ഞാതര്‍ വീടിന് മുന്നില്‍ എത്തി നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും തീവെച്ചു.

വാറ്റുചാരായം പിടിച്ച സംഭവത്തില്‍ സജീവ് റിമാന്‍ഡിലായിരുന്നതിനാല്‍ വീട്ടില്‍ ആരുമില്ലായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് പയ്യന്നൂര്‍ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ദിനേശനും സംഘവും നടത്തിയ പരിശോധനയില്‍ വീടിന് സമീപത്തെ ഷെഡില്‍ ചാരായനിര്‍മാണത്തിനായി സൂക്ഷിച്ച 80 ലിറ്റര്‍ വാഷും 40 ലിറ്റര്‍ വാറ്റുചാരായവും സഹിതമാണ് സജീവിനെ അറസ്റ്റ് ചെയ്തിരുന്നത്.

ഈ ഷെഡിനാണ് തീവെച്ചത്. ഒട്ടോറിക്ഷയിലാണ് ചാരായം വിവിധ സ്ഥലങ്ങളിലെത്തിക്കുന്നതെന്ന ആരോപണവുമുയര്‍ന്നിരുന്നു. മുന്‍പ് രണ്ട് അബ്കാരി കേസുകളിലെ പ്രതി കൂടിയായ സജീവിനെതിരേയുള്ള മൂന്നാമത്തെ കേസാണിത്.

Content Highlight; Autorickshaw and shed parked at the house of a man arrested for possessing liquor were set on fire

dot image
To advertise here,contact us
dot image