'എല്ലാവർക്കും പ്രിയപ്പെട്ട ഒരു ജെന്റിൽമാൻ ആയിരുന്നു അദ്ദേഹം…'; റോബോ ശങ്കറിന്റെ വിയോഗത്തിൽ വിജയ്

തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത വ്യക്തിയായിരുന്നു റോബോ എന്നും വിജയ് കൂട്ടിച്ചേർത്തു.

'എല്ലാവർക്കും പ്രിയപ്പെട്ട ഒരു ജെന്റിൽമാൻ ആയിരുന്നു അദ്ദേഹം…'; റോബോ ശങ്കറിന്റെ വിയോഗത്തിൽ വിജയ്
dot image

റോബോ ശങ്കറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ വിജയ്. മരണവാർത്ത അറിഞ്ഞത് വലിയ ഞെട്ടലോടെയാണെന്നും റോബോ എല്ലാവർക്കും പ്രിയപ്പെട്ട ഒരു ജെന്റിൽമാൻ ആയിരുന്നുവെന്നും വിജയ് പറഞ്ഞു. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത വ്യക്തിയായിരുന്നു റോബോ എന്നും വിജയ് കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെയാണ്‌ വിജയ് അനുശോചനം രേഖപ്പെടുത്തിയത്.

'റോബോ ശങ്കറിന്റെ മരണവാർത്ത അറിഞ്ഞത് വൻ ഞെട്ടലോടെയാണ്. ടി വി പ്രോഗ്രാമിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയപ്പോഴും അദ്ദേഹത്തിന്റെ തമാശ കൊണ്ടും അഭിനയമികവ് കൊണ്ടും തന്റേതായ സ്ഥാനം ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയെടുത്ത വ്യക്തിയായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട ഒരു ജെന്റിൽമാൻ ആയിരുന്നു റോബോ. കുടുംബത്തിനും സുഹൃത്തുകൾക്കും ഇത് താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ…', വിജയ് കുറിച്ചു.

നടന്മാരായ ധനുഷ്, ശിവകാർത്തികേയൻ ഉൾപ്പെടെയുള്ളവർ റോബോ ശങ്കറിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തി. മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ ധനുഷ് റോബോ ശങ്കറിന്റെ വീട്ടിൽ എത്തിയിരുന്നു. കരച്ചിലടക്കാനാകാതെ റോബോ ശങ്കറിനെ അവസാനമായി കണ്ടു നിൽക്കുന്ന ധനുഷിനെ വീഡിയോകളിൽ കാണാം. നടനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന റോബോ ശങ്കറിന്റെ മകൾ ഇന്ദ്രജയെയും വീഡിയോയിൽ കാണാം. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം ധനുഷ് വീട്ടിൽ നിന്ന് മടങ്ങി. മാരി എന്ന സിനിമയിൽ ധനുഷിനൊപ്പം ശ്രദ്ധേയമായ വേഷം റോബോ ശങ്കർ കൈകാര്യം ചെയ്തിരുന്നു.

വിജയ് ആന്റണി, എം എസ് ഭാസ്കർ, ഉദയനിധി സ്റ്റാലിൻ തുടങ്ങി നിരവധി പേരാണ് നടന്റെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സ നൽകുന്നതിനിടെ ആയിരുന്നു അന്ത്യം. ഒട്ടനവധി സിനിമകളിൽ കോമഡി കഥാപാത്രങ്ങൾ ചെയ്ത നടനായിരുന്നു റോബോ ശങ്കർ. 'മാരി, മാരി 2, വിശ്വാസം, പുലി, സിംഗം 3, കോബ്ര എന്നീ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കലക്ക പോവടു യാരു, അതു ഇത് യെത് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് റോബോ ശങ്കർ ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നത്. 2007 ൽ ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

Content Highlights: Vijay express condolences robo shankar death news

dot image
To advertise here,contact us
dot image