
മലപ്പുറം: തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് സമസ്ത മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വി. 'കുടജാദ്രിയുടെ സംഗീതം' എന്ന പുസ്തകം പരാമർശിക്കുന്ന പോലെ കർണാടകയിൽ യാത്ര ചെയ്തിട്ടില്ലെന്നും കാക്കനാടന് ഒപ്പം താൻ യാത്ര ചെയ്തിട്ടില്ലെന്നും ബഹാഉദ്ദീൻ നദ്‌വി പറഞ്ഞു. ജീവിതത്തിൽ ഇത് വരെ മദ്യപിച്ചിട്ടില്ലെന്നും ആരോപണം ഉന്നയിക്കപ്പെട്ട അന്ന് തന്നെ അത് നിഷേധിച്ചുകൊണ്ടുള്ള കുറിപ്പ് നൽകിയിരുന്നുവെന്നും നദ്‌വി പറഞ്ഞു.
കുടജാദ്രിയുടെ സംഗീതം എന്ന പുസ്തകം 1989 ഇൽ ആണ് ഇറങ്ങിയത്. ആരോപണം ഉന്നയിക്കപ്പെട്ട അന്ന് തന്നെ താൻ നിഷേധ കുറിപ്പ് നൽകിയിരുന്നു. കാക്കനാടനൊപ്പം യാത്ര ചെയ്തിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ തനിക്ക് അറിയില്ല ഒരിക്കൽ പോലും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ബഹാഉദ്ദീൻ നദ്‌വി പറഞ്ഞു. അക്കാലത്ത് ഏകദേശം 35 വയസാണ് പ്രായം. നരച്ച താടി അന്ന് തനിക്കില്ലായിരുന്നു. 1997ലാണ് തന്റെ താടി നരക്കാൻ തുടങ്ങിയത്. അന്ന് ജുബ്ബയായിരുന്നില്ല വേഷം. താൻ ജീവിതത്തിൽ ഇത് വരെ മദ്യപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു,
ഇപ്പോൾ ഈ കഥയുമായി ചില തല്പരകക്ഷികൾ രംഗത്ത് വന്നത് തന്നെ അപമാനിക്കാനാണ്. ഇഎംഎസിന്റെ മാതാവ് പതിനൊന്നാം വയസിലാണ് വിവാഹം കഴിച്ചത് എന്ന് താൻ പറഞ്ഞത് ചരിത്ര യാഥാർഥ്യമാണ്. ശൈശവ വിവാഹം പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് ആളുകൾക്ക് മനസ്സിലാകാൻ ജനങ്ങൾക്ക് സുപരിചിതനായ ഒരാളെ അനുസ്മരിക്കുകയാണ് ചെയ്തത്. ഇതിന്റെ പേരിൽ ഇഎംഎസിനെയോ മാതാവിനെയോ അപമാനിക്കരുത് എന്ന് അതേ പരിപാടിയിൽ തന്നെ താൻ പറഞ്ഞിരുന്നു. എന്നാൽ ഇത് തന്നെ അടിക്കാനുള്ള വടി ആയാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബഹാഉദ്ദീന്‍ നദ്‌വിക്കെതിരെ സിപിഐഎം നേതാവ് നാസര്‍ കൊളായിയാണ് ലൈംഗികാരോപണം ഉന്നയിച്ചത് . കാക്കനാടന്‍ എഴുതിയ 'കുടജാദ്രിയിലെ സംഗീത'മെന്ന പൂര്‍ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു നാസറിന്റെ പരാമര്‍ശം. നദ്‌വി ബസിലുള്ള സ്ത്രീയോട് മോശമായി പെരുമാറിയെന്ന പുസ്തകത്തിലെ ഭാഗം വായിച്ചാണ് പ്രസംഗത്തില്‍ നദ്‌വിക്കെതിരെ നാസര്‍ ആരോപണമുന്നയിച്ചത്. വളരെ മുമ്പ് ഇറങ്ങിയ പുസ്തകത്തില്‍ ബഹാഉദ്ദീന്‍ കൂരിയാട് എന്നാണ് ബഹാഉദ്ദീന്‍ നദ്‌വിയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നതെന്ന് വിശദീകരിച്ചായിരുന്നു ആരോപണം.
'സംസാരം തുടങ്ങിയപ്പോള്‍ അയാള്‍ ഇസ്‌ലാമിനെക്കുറിച്ചും സന്മാര്‍ഗത്തെക്കുറിച്ചുമൊക്കെ പറഞ്ഞു. ഒരു വിശുദ്ധനെപ്പോലെ അഭിനയിച്ചു. പക്ഷേ, പ്രവൃത്തിയില്‍ അത് വിശുദ്ധനല്ലെന്ന ധാരണയാണ് എനിക്കുണ്ടായത്. അയാളുടെ മുന്‍സീറ്റിലിരുന്ന ശിങ്കാരിയോടുള്ള പെരുമാറ്റം വിശുദ്ധന് ചേര്‍ന്നതായി തോന്നിയില്ല. ചിലപ്പോള്‍ എന്റെ നോട്ടപ്പിശകാവാം. വിശുദ്ധന്റെ നാവ് കുഴയുന്നുണ്ടായിരുന്നു. ഏതോ ലഹരിപദാര്‍ത്ഥം പുള്ളിയുടെ ഉള്ളില്‍ കിടന്ന് കളിക്കുന്നുണ്ടെന്നു വ്യക്തമായിരുന്നു. അതോ ഇനി വിശ്വാസത്തിനു നാവു കുഴയ്ക്കാന്‍ വേണ്ടത് ലഹരിയുണ്ടോ? 'ഇസ്‌ലാമും ക്രിസ്തുമതവും' എന്നൊരു പുസ്തകം അദ്ദേഹം എനിക്ക് തന്നു. സ്വന്തം രചനയാണെന്ന് അവകാശപ്പെട്ടു. അങ്ങനെയാണ് അദ്ദേഹത്തിന്റെ പേര് ഞാന്‍ കണ്ടുപിടിച്ചത്. ഗ്രന്ഥകര്‍ത്താവ് ബഹാവുദ്ദീന്‍ കൂരിയാട് എന്ന് പുസ്തകത്തില്‍ അച്ചടിച്ചുവച്ചിരുന്നു', എന്ന കാക്കനാടന്റെ പുസ്തകത്തിലെ ഭാഗമാണ് നാസര്‍ പ്രസംഗത്തിനിടെ വായിച്ചത്. ഇത് താന്‍ പറയുന്നതല്ലെന്നും തന്റെ തലയില്‍ കയറാന്‍ വരണ്ടെന്നും നാസര്‍ സൂചിപ്പിച്ചിരുന്നു. പൂര്‍ണ പബ്ലിക്കേഷനില്‍ പുസ്തകം കിട്ടും. പുസ്തകമെഴുതിയത് കാക്കനാടന്‍ ആണ്. വായിച്ചറിവേ തനിക്കുള്ളുവെന്നും നാസര്‍ പറഞ്ഞിരുന്നു.
നദ്‌വിയുടെ 'വൈഫ് ഇന്‍ ചാര്‍ജ്' പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം സിപിഐഎമ്മില്‍ നടക്കുന്നതിനിടെയായിരുന്നു നാസര്‍ കൊളായിയുടെ വെളിപ്പെടുത്തൽ. നേരത്തെ മടവൂരില്‍ സിപിഐഎം നടത്തിയ പ്രതിഷേധത്തില്‍ നദ്‌വിയെ പണ്ഡിതവേഷം ധരിച്ച നാറിയെന്ന് ലോക്കല്‍ കമ്മിറ്റി അംഗം ഹക്കീല്‍ അഹമ്മദ് വിശേഷിപ്പിച്ചിരുന്നു. പിന്നാലെ ഹക്കീലിനെ മഹല്ല് കമ്മിറ്റിയില്‍ നിന്നും സമസ്ത പുറത്താക്കിയിരുന്നു.
മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു നദ്‌വിയുടെ വിവാദ പരാമര്‍ശമുണ്ടായത്. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ് ഇന്‍ചാര്‍ജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല എന്നാണ് നദ്‌വി പറഞ്ഞത്. ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11ാം വയസ്സിലാണ് വിവാഹം ചെയ്തതെന്നും നദ്‌വി പറഞ്ഞിരുന്നു.
'കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. അദ്ദേഹത്തിന്റെ അമ്മയെ കെട്ടിച്ചത് 11-ാം വയസിലാണ്. പതിനഞ്ചാം നൂറ്റാണ്ടിലേക്കൊന്നും പോകണ്ട. ഇത് ഇരുപതാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യാത്വത്തെക്കുറിച്ച് പറഞ്ഞാല്‍, നമ്മുടെ നാട്ടിലെ പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒക്കെ ഒരു ഭാര്യയെ ഉണ്ടാകൂ. പക്ഷെ ഇന്‍ ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും. വൈഫ് ഇന്‍ ചാര്‍ജ് എന്ന പേര് പറയില്ലെന്ന് മാത്രം. അങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ എത്രയാളുകള്‍ ഉണ്ടാകും', എന്നാണ് അന്ന് നദ്‌വി പറഞ്ഞത്.
Content Highlights: Bahauddeen Nadwi reacts allegations against him