കോൺഗ്രസിന്റെ വികൃത മുഖം മൂടിവെയ്ക്കാനുള്ള പ്രചാരവേല; കെ ജെ ഷൈനെതിരായ അപവാദ പ്രചാരണത്തിൽ CPIM ജില്ലാ സെക്രട്ടറി

കോൺഗ്രസ് ജീർണതയെ വ്യാജ പ്രചാരണം കൊണ്ട് പരിഹരിക്കാൻ കഴിയില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്

കോൺഗ്രസിന്റെ വികൃത മുഖം മൂടിവെയ്ക്കാനുള്ള പ്രചാരവേല; കെ ജെ ഷൈനെതിരായ അപവാദ പ്രചാരണത്തിൽ CPIM ജില്ലാ സെക്രട്ടറി
dot image

കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ അധിക്ഷേപ പ്രചാരണങ്ങളിൽ പ്രതികരിച്ച് എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. കോൺഗ്രസ് ജീർണതയെ വ്യാജ പ്രചാരണം കൊണ്ട് പരിഹരിക്കാൻ കഴിയില്ലെന്ന് എസ് സതീഷ് ഫേസ്ബുക്കിൽ കുറിച്ചു. പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ആണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സതീഷിന്റെ പ്രതികരണം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് വ്യാജ പ്രചാരണ നീക്കങ്ങൾ നടത്തുന്നത്. സിപിഐഎമ്മിന്റെ ജനകീയ നേതാക്കന്മാരെ കരിവാരി തേക്കാനുള്ള പ്രചാരവേലയാണ് കോൺഗ്രസിലെ സോഷ്യൽ മീഡിയ സംഘം പ്രചരിപ്പിക്കുന്നത്. ഷൈൻ ടീച്ചറിന് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്നും സതീഷ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോൺഗ്രസ് ജീർണ്ണതയെ വ്യാജ പ്രചാരണം കൊണ്ട് പരിഹരിക്കാൻ കഴിയില്ല.


രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയം പുറത്തുവന്നതോടെകൂടി വലിയ രൂപത്തിൽ കോൺഗ്രസിന്റെ ജീർണ്ണതയുടെ മുഖം വെളിവാക്കപ്പെട്ടു. ഇതിനെ പ്രതിരോധിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഇരകളെ വ്യക്തിഹത്യ നടത്തിയും വ്യാജ പ്രചരണങ്ങൾ അഴിച്ചുവിട്ടും കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം നടത്തുന്ന പ്രചരണങ്ങൾ ഇന്ന് കേരളം നല്ലവണ്ണം കാണുന്നുണ്ട്. കോൺഗ്രസ് വനിത നേതാക്കന്മാരെ പോലും തെറിവിളിക്കാനും ആക്ഷേപിക്കാനും ഈ കൂട്ടർക്ക് മടിയില്ല.

കോൺഗ്രസിന്റെ ഈ വികൃതമായ മുഖത്തെ മൂടിവയ്ക്കാൻ സിപിഐഎമ്മിന്റെ ജനകീയ നേതാക്കന്മാരെ കരിവാരി തേക്കാനുള്ള പ്രചാര വേലയാണ് കോൺഗ്രസിലെ സോഷ്യൽ മീഡിയ സംഘം പ്രചരിപ്പിക്കുന്നത്. പാഷാണം തിന്നു ജീവിക്കുന്ന ഒരു സോഷ്യൽ മീഡിയ ബുദ്ധിജീവി കേൾക്കുന്നവർക്ക് ശരിയെന്ന് തോന്നിപ്പിക്കും വിധം സമയവും സ്ഥലവും എല്ലാം പറഞ്ഞ് ഒരു വ്യാജ വീഡിയോ ചെയ്യുന്നു. തുടർന്ന് കോൺഗ്രസ് പ്രചരണം നടത്തുന്നു.

ഇത്തരം ഹീനമായ പ്രവർത്തികളിലൂടെ ജനപ്രതിനിധികളെയും മാതൃകാ പ്രവർത്തനം നടത്തുന്ന വനിതാ നേതാക്കളെയും തകർക്കാം എന്ന് കോൺഗ്രസ് കരുതേണ്ട. നിങ്ങളുടെ ജീർണ്ണത മറച്ചുവയ്ക്കാൻ കഴിയും എന്നും കരുതേണ്ട. ഇത്തരം പ്രവർത്തികളെ രാഷ്ട്രീയമായും നിയമപരമായും നേരിടുക തന്നെ ചെയ്യും.ശരിയായി പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്ന മുഴുവൻ വനിതാ പ്രവർത്തകരെയും സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും.

അതേസമയം സമൂഹമാധ്യമങ്ങളിലടക്കം തനിക്കെതിരെ നടക്കുന്ന അധിക്ഷേപ പ്രചരണങ്ങളിൽ കെ ജെ ഷൈൻ പ്രതികരിച്ചിരുന്നു. സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നാണ് അവർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. തന്നെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജ-കുപ്രചരണങ്ങള്‍ നടക്കുകയാണ്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യം വെച്ച് നടത്തുന്ന നെറികെട്ട, ജീർണ്ണതയുടെ, ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ ജെ ഷൈൻ പറഞ്ഞു.

സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണം. കൂടാതെ പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസമുണ്ട്. ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. ഇത്തരത്തിൽ തന്നെ അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കുമെന്നും കെ ജെ ഷൈൻ വ്യക്തമാക്കിയിരുന്നു.

Content Highlights: Ernakulam District Secretary S Satheesh responds to the negative campaign against CPIM leader K J Shine

dot image
To advertise here,contact us
dot image