'ഗർഭഛിദ്ര ഓഡിയോ നിങ്ങളുടേതാണോ? അല്ലെങ്കിൽ അല്ലെന്ന് പറയൂ'; മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി രാഹുൽ

തനിക്ക് പറയാനുള്ള വിഷയങ്ങള്‍ മാത്രമായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്

'ഗർഭഛിദ്ര ഓഡിയോ നിങ്ങളുടേതാണോ? അല്ലെങ്കിൽ അല്ലെന്ന് പറയൂ'; മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി രാഹുൽ
dot image

തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വന്ന ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതാണോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലെന്നും ആണെന്നും മറുപടി പറയാതെ രാഹുല്‍ ഒഴിഞ്ഞുമാറി.

ഗര്‍ഭഛിദ്ര ഓഡിയോ നിങ്ങളുടേതാണോ? അല്ലെങ്കില്‍ അല്ലെന്ന് പറയൂ, എന്തിനാണ് ഒളിച്ചോടുന്നത് തുടങ്ങിയ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രാഹുല്‍ പോകുകയായിരുന്നു. തനിക്ക് പറയാനുള്ള വിഷയങ്ങള്‍ മാത്രമായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്. മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തയ്‌ക്കെതിരെയും രാഹുല്‍ പ്രതികരിച്ചു.

'വാര്‍ത്തകള്‍ ഇഷ്ടമുള്ളത് കൊടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ യാഥാര്‍ത്ഥ്യത്തിന്റെ എന്തെങ്കിലും പരിസരം വേണമെന്ന് അഭ്യര്‍ത്ഥനയോടെ പറയുന്നു. പാര്‍ട്ടി അനുകൂലമായതോ പ്രതികൂലമായതോ ആയ തീരുമാനമെടുക്കുമ്പോള്‍ ധിക്കരിക്കാനോ ലംഘിക്കുവാനോ ഒരു കാലത്തും ശ്രമിച്ചില്ല. സസ്‌പെന്‍ഷനിലാണെങ്കിലും ഇപ്പോഴും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. സസ്‌പെന്‍ഷന്‍ കാലാവധിയിലുള്ള പ്രവര്‍ത്തകന്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെയാണെന്ന ബോധ്യം എനിക്കുണ്ട്, അതുകൊണ്ട് തന്നെ ഒരു നേതാവിനെയും കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ആരോപണങ്ങളില്‍ താന്‍ മൗനത്തിലാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ വിശദമായി വാര്‍ത്താ സമ്മേളനം നടത്തിയ ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ആദ്യമായി 18ാം വയസില്‍ ജയിലില്‍ പോയയാളാണ് ഞാന്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ പോയത് പിണറായി സര്‍ക്കാരിന്റെ കാലത്താണ്. അതുകൊണ്ട് യാതൊരു ആനുകൂല്യവും എനിക്ക് കിട്ടില്ലെന്ന് ഉറപ്പിക്കാം. എനിക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കില്‍ കൊന്നു തിന്നാന്‍ നില്‍ക്കുന്ന സര്‍ക്കാരിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്, അന്വേഷണം നടക്കട്ടേ', രാഹുല്‍ പറഞ്ഞു.

മരണം വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുന്ന ഒരാളാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ ഊര്‍ജവും സമയവും വിനിയോഗിക്കണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Content Highlights: Rahul Mamkootathil escaped from journalist s question about abortion audio

dot image
To advertise here,contact us
dot image