
ടെക്കികൾ അടക്കമുള്ള പ്രൊഫഷണലുകളുടെ ജീവിതത്തെക്കുറിച്ച് ചർച്ചകൾ അനവധി നടന്നിട്ടുണ്ട്. കോർപ്പറേറ്റ് ജീവിതത്തിന്റെ അലച്ചിലുകൾക്ക് ശേഷം എങ്ങനെയാണ് പ്രൊഫഷണലുകൾ സമ്മർദ്ദത്തെ മറികടക്കുന്നതെന്നും, ജീവിതം എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അടക്കമുള്ള നിരവധി അനുഭവങ്ങളും നമുക്ക് മുൻപിലുണ്ട്. ബെംഗളൂരു പോലുള്ള നഗരങ്ങളിൽ വീക്കെൻഡ് കൾച്ചർ സജീവമാണ്. എന്നാൽ അതിലൊന്നും പെടാത്ത ചിലർ അപ്പോഴുമുണ്ട്. അത്തരത്തിലൊരാളുടെ കഥയാണ് സാദ് അക്ബർ എന്നയാൾ പങ്കുവെച്ചിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ്, പുറത്തുപോകാനായി റാപ്പിഡോ ബുക്ക് ചെയ്തതാണ് സാദ് അക്ബർ. എന്നാൽ തന്നെ പിക്ക് ചെയ്യാൻ വന്നയാളെ കണ്ടപ്പോൾ അക്ബർ ഞെട്ടുകയാണ് ചെയ്തത്. രണ്ട് ലക്ഷം രൂപ വിലയുള്ള ടിവിഎസ് റോണിൻ വണ്ടിയിലാണ് പിക്ക് ചെയ്യാൻ വന്നത്. അതിന്റെ ഡ്രൈവറാകട്ടെ ഒറാക്കിള്‍ എന്ന ടെക്ക് കമ്പനിയിലെ ഒരു എൻജിനീയറും.
നല്ല ശമ്പളമുള്ള ജോലിയും, വിലപിടിപ്പുളള ബൈക്കുമുളള ഇയാൾ എന്തിനാണ് റാപ്പിഡോയിൽ ജോലി ചെയ്യുന്നത് എന്ന കാര്യം അക്ബറിനെ അത്ഭുതപ്പെടുത്തി. കാര്യം അന്വേഷിച്ചപ്പോഴാണ് അക്ബറിനോട് ഡ്രൈവർ കാര്യം പറയുന്നത്. വീക്കെന്റുകളിൽ തന്നെ പിടികൂടുന്ന ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാനാണത്രെ ജോലി ചെയ്യുന്നത്.
വലിയ ചർച്ചയ്ക്കാണ് സാദ് അക്ബറിന്റെ ഈ പോസ്റ്റ് തിരികൊളുത്തിയത്. ആളുകൾ വർക്ക് ലൈഫ് ബാലൻസിനെപ്പറ്റി കൂടുതലായും സംസാരിക്കുന്ന ഇക്കാലത്ത് നല്ല ശമ്പളമുണ്ടായിട്ടും ഒരാൾ എന്തിനാണ് റാപ്പിഡോയിൽ ജോലി ചെയ്യുന്നത് എന്ന ചർച്ച സജീവമായി. കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ മാനസിക സമ്മർദ്ദം, അത് മൂലം തൊഴിലാളികൾക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികൾ എന്നിവയെല്ലാം ചർച്ചയിൽ കടന്നുവന്നു.
കോർപ്പറേറ്റ് കള്‍ച്ചറിന്‍റെ അതിപ്രസരം മനുഷ്യരിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. വീടുകളിൽ നിന്ന് മാറിനിൽക്കാൻ, നീണ്ട ജോലി സമയം എന്നിവയെല്ലാം മനുഷ്യരുടെ സാമൂഹികവത്കരണത്തിന് തടസം നിൽക്കുന്നുവെന്ന് ചിലർ പറഞ്ഞു. എന്നാൽ മറ്റ് ചിലർ ഇത് സ്വാഭാവികമാണെന്നാണ് പറയുന്നത്.
Content Highlights: man with good job and bike works as rapido driver, heres why