
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് എത്തിയാൽ തടയുമെന്ന് ഡിവൈഎഫ്ഐ. പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ അധ്യക്ഷൻ ആർ ജയദേവൻ വ്യക്തമാക്കി. ദേഹോപദ്രവം ഏൽപ്പിക്കാതെയുള്ള സമരമായിരിക്കും കാണാൻ പോകുന്നത്. രാഹുലിനൊപ്പം ഇന്ന് നിയമസഭയിൽ എത്തിയത് യൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ്.
കോൺഗ്രസ് ഒരേസമയം ഇരയോടൊപ്പം എന്ന് പറയുകയും രാഹുലിനൊപ്പം നിലയുറപ്പിക്കുകയും ചെയ്യുകയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പിരിച്ചുവിടണം. മലമ്പുഴയിലെ കാനായി കുഞ്ഞിരാമന്റെ പ്രസിദ്ധമായ ശിൽപമായ യക്ഷിക്ക് വാട്സാപ്പ് ഉണ്ടെങ്കിൽ രാഹുൽ അവിടെയും മെസേജ് അയച്ചേനെയെന്നും ഡിവൈഎഫ്ഐ പരിഹസിച്ചു.
അതേസമയം, നിയമസഭയ്ക്ക് പുറത്തേക്കിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വാഹനം എസ്എഫ്‌ഐ തടഞ്ഞിരുന്നു. വാഹനത്തിൽ പുറത്തേക്കിറങ്ങിയപ്പോഴാണ് എസ്എഫ്‌ഐ പ്രവർത്തകർ വാഹനം തടഞ്ഞത്. ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇത്രയും ദിവസം പത്തനംതിട്ടയിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്നാണ് വീട് വിട്ട് നിയമസഭയിലെത്തിയത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു.
Content Highlights: DYFI says will block Rahul Mamkootathil MLA from reaching Palakkad